Sunday, January 23, 2022
HomeGulfOmanപ്രവാസി തൊഴിലാളികള്‍ ചികില്‍സ തേടാന്‍ വൈകുന്നത് ദുരന്തത്തിന് കാരണമാകുന്നുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

പ്രവാസി തൊഴിലാളികള്‍ ചികില്‍സ തേടാന്‍ വൈകുന്നത് ദുരന്തത്തിന് കാരണമാകുന്നുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

മസ്‌ക്കത്ത്: കോവിഡ് ബാധിതരായ പ്രവാസി തൊഴിലാളികള്‍ ചികില്‍സ തേടാന്‍ വൈകുന്നത് രാജ്യത്തെ മെഡിക്കല്‍ വിഭാഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍ സഈദി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വേണ്ടിയുള്ള സുപ്രിം കമ്മിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ഗുരുതരമായ പല കേസുകളും ചികില്‍സ തേടാന്‍ വൈകിയതു മൂലമാണെന്ന് മന്ത്രി പറഞ്ഞു. ചില തൊഴിലാളികള്‍ ചികില്‍സ തേടാന്‍ മടിക്കുകയാണ്. കൂടുതല്‍ മരണങ്ങളും വീടുകളിലാണ് നടന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ എത്താന്‍ വൈകിയതു കൊണ്ടും നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഒമാനില്‍ ഇന്ന് 778 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,316 ആയി. 606 പേര്‍ക്ക് രോഗം ഭേദമായി. 3,451 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സുഖപ്പെട്ടത്. അടുത്ത രണ്ടാഴ്ച്ചകളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകുമെന്ന് ഡോ. സെയ്ഫ് അല്‍ സാബ്രി പറഞ്ഞു. നിലവില്‍ ഭൂരിഭാഗവും വീടുകളിലാണ് ഉള്ളത്.

ശനിയാഴ്ച്ച മുതല്‍ മത്ര ഏരിയയിലെ ഭൂരിഭാഗം പ്രദേശങ്ങളും തുറക്കും. ഹംരിയ, മത്ര സൂഖ് ഭാഗങ്ങളില്‍ നിരവധി കേസുകള്‍ റിപോര്‍ട്ട് ചെയ്തതു കൊണ്ടാണ് ഈ ഭാഗങ്ങള്‍ അടച്ചിട്ടത്. മത്രയില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ നടത്താം. കൂടുതല്‍ വാണിജ്യ, വ്യവസായ മേഖലകള്‍ തുറക്കുന്നതിന്റെ മൂന്നാംഘട്ടം ഉടന്‍ പ്രഖ്യാപിക്കുമെന്ന് റീജ്യനല്‍ മുനിസിപ്പാലിറ്റീസ് മന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങള്‍ തുറക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയതായും സുപ്രിംകമ്മിറ്റി അറിയിച്ചു.

The big challenge we face is migrant workers arriving too late to seek medical service: Oman health minister


 

Most Popular