ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പാസ്‍പോര്‍ട്ട് സേവാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പാസ്‍പോര്‍ട്ട് സേവാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പ്രവാസികള്‍ക്ക് അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി മേയ് 22നും 29നും നടക്കുന്ന ക്യാമ്പുകളെ സമീപിക്കാം. ഉച്ചയ്‍ക്ക് 1.30 വരെ സേവനങ്ങള്‍ക്ക് ടോക്കന്‍ നൽകും.

ദുബൈയിലും ഷാര്‍ജയിലുമുള്ള ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ നാല് സെന്ററുകളായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുക. നാല് കേന്ദ്രങ്ങളിലും പ്രവാസികള്‍ക്ക് നേരിട്ടെത്തി ഓണ്‍ലൈന്‍ അപക്ഷ നൽകണം. ആവശ്യമായ രേഖകൾ പ്രവാസികൾ കയ്യിൽ കരുതേണ്ടതുണ്ട്.

മതിയായ രേഖകള്‍ ഹാജരാക്കുന്ന അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍, മരണം, ജൂണ്‍ അവസാനമോ അതിന് മുമ്പോ പാസ്‍പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്നവര്‍, കാലാവധി കഴിഞ്ഞതോ റദ്ദാക്കിയതോ ആയ വിസ സ്റ്റാമ്പ് ചെയ്യാനോ പുതിയ ജോലിക്കായുള്ള വിസ സ്റ്റാമ്പ് ചെയ്യാനോ വേണ്ടി പാസ്‍പോര്‍ട്ട് ഉടനെ പുതുക്കേണ്ടവര്‍, അക്കാദമിക ആവശ്യങ്ങള്‍ക്ക് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, തൊഴില്‍ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്ക് അടിയന്തരമായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, മറ്റ് വിദേശരാജ്യങ്ങളില്‍ പഠനത്തിന് പോകാനായി പാസ്‍പോര്‍ട്ട് പുതുക്കേണ്ട വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനുക.