Monday, May 16, 2022
HomeGulfബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകും; സൗദി

ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകും; സൗദി

റിയാദ്: ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് സൗദി ആരോഗ്യമന്ത്രാലയം. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കായിരുന്നു നേരത്തെ സൗദിയില്‍ ബുസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിച്ചതോടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള ഇടവേള മൂന്ന് മാസമാക്കി കുറച്ചിരുന്നു.

രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നിടുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ ഇമ്മ്യൂണ്‍ പദവി നഷ്ടമാകുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബൂസ്റ്റർ എടുക്കാത്തവർക്ക് ജോലിക്ക് ഹാജരാകുവാനോ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല.

ഇത് ഒഴിവാക്കുന്നതിനായി രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂര്‍ത്തിയാകാത്തവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ലെങ്കിലും ഇമ്മ്യൂണ്‍ പദവി നഷ്ടമാകില്ല. എന്നാല്‍ കൊവിഡ് ബാധമൂലമുളള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി വേഗത്തില്‍ ബൂസ്റ്റര്‍ ഡോസെടുക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Popular