ജിദ്ദ: സൗദിയില്‍ റീഎന്‍ട്രി വിസ ലഭിക്കാന്‍ വിദേശികളുടെ പാസ്പോര്‍ട്ടിന് മൂന്നുമാസത്തില്‍ കുറയാത്ത കാലയളവ് ഉണ്ടായിരിക്കണം. പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തുള്ള വിദേശികള്‍ക്ക് റീഎന്‍ട്രി വിസ നല്‍കുന്നതിന് പാസ്പോര്‍ട്ടിന് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും ഉണ്ടായിരിക്കണം.
റീഎന്‍ട്രി വിസ കാലാവധി മാസങ്ങളിലാണ് (60, 90, 120 ദിവസം) കണക്കാക്കിയിട്ടുണ്ടെങ്കില്‍ ഇഷ്യൂ ചെയ്ത തീയതി മുതല്‍ യാത്രക്ക് മൂന്നു മാസത്തേക്ക് സാധുതയുണ്ട്. യാത്രതീയതി മുതലാണ് വിസ കാലാവധി കണക്കാക്കുക. എന്നാല്‍, ദിവസം പരിമിതപ്പെടുത്തുകയോ, നിശ്ചിത തീയതിക്ക് മുമ്ബ് മടങ്ങുകയോ ചെയ്യണമെന്ന് റീഎന്‍ട്രിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇഷ്യൂ ചെയ്ത തീയതി മുതല്‍ വിസയുടെ കാലാവധി കണക്കാക്കും.
റീഎന്‍ട്രി വിസ ചാര്‍ജ് രണ്ടു മാസത്തിന് 200 റിയാലാണ്. ഓരോ അധിക മാസത്തിന് 100 റിയാല്‍ വീതം ഈടാക്കും.
മള്‍ട്ടിപ്പിള്‍ എക്സിറ്റ് റീഎന്‍ട്രി വിസ ഇഷ്യൂ ചെയ്യുന്നതിന് പരമാവധി മൂന്നു മാസത്തേക്ക് 500 റിയാലാണ്. ഓരോ അധിക മാസത്തിനും 200 റിയാലാണെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.