പോളണ്ടിനെ തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന

ദോഹ: ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ നിർണായക മൽസരത്തിൽ പോളണ്ടിനെ തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സൂപ്പർ താരം ലയണൽ മെസി പെനൽറ്റി പാഴാക്കിയ മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തകർത്താണ് അര്‍ജന്റീന പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 

അലെക്സിസ് മാക് അലിസ്റ്റർ, ജുലിയൻ അൽവാരെസ് എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന ഗംഭീര തിരിച്ചുവരവു നടത്തി. പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയിൽ മെസ്സി പെനല്‍റ്റി പാഴാക്കിയത് അർജന്റീന ആരാധകർക്കു നിരാശയായി.

രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അർജന്റീന സി ഗ്രൂപ്പ് ചാംപ്യൻമാരായി. അർജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്. ഗോൾശരാശരിയിൽ പോളണ്ട് മെക്സികോയെ മറികടന്നു. പ്രീക്വാർട്ടറിൽ അർജന്റീന ഓസ്ട്രേലിയയേയും പോളണ്ട് ഫ്രാൻസിനേയും നേരിടും.