ജോര്‍ദാന്‍ രാജകുമാരിക്ക് അമേരിക്കന്‍ പയ്യന്‍

ജോര്‍ദാനിലെ രാജകുമാരിയുടെയും അമേരിക്കന്‍ യുവാവിന്റെയും വിവാഹം ലോകമെങ്ങും ചര്‍ച്ചയായി. രാജകീയ വിവാഹത്തിന്റെ വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമെല്ലാം മാധ്യമങ്ങളില്‍ വലിയ ജനപ്രീതിയാണു പിടിച്ചുപറ്റിയത്. കാരണം ജോര്‍ദാനില്‍ നടന്നത് ഒരു സാധാരണ വിവാഹമല്ല.

ജോര്‍ദാനിലെ റാനിയ രാഞ്ജിയുടെയും അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെയും മകളായ ഇമാന്‍ രാജകുമാരിക്ക് ഇണയായത് അമേരിക്കന്‍ യുവാവായ ജമീല്‍ അലക്‌സാണ്ടര്‍ തെര്‍മിയോട്ടിസ് ആണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തീയതി പുറത്തുവിട്ടിരുന്നില്ല. വിവാഹത്തിന്റെ തലേദിവസം മാത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

രാജപ്രൗഢിയോടെ നടന്ന ചടങ്ങുകളില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. ദിവസങ്ങളോളം നീണ്ട വിവാഹാഘോഷം ജോര്‍ദാന്‍ രാജകുടുംബത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. മുസ്ലീം ആചാരങ്ങള്‍ പാലിച്ച് അഞ്ച് ദിവസം മുമ്പ് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ക്ലാസിക് വെള്ള ഡിയോര്‍ ഗൗണ്‍ ആണ് ഇമാന്‍ ധരിച്ചത്. ചടങ്ങുകളില്‍ ധരിച്ച രത്‌നാഭരണങ്ങളും വേറിട്ടുനിന്നു.

1996 സെപ്റ്റംബര്‍ 27നാണ് ഇമാന്‍ ജനിച്ചത്. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലായിരുന്നു ഇമാന്റെ ഉപരിപഠനം. റാനിയ രാജ്ഞിയുടെയും അബ്ദുള്ള രാജാവിന്റെയും നാല് മക്കളില്‍ രണ്ടാമത്തെയാളാണ് ഇമാന്‍. 1994ല്‍ വെനസ്വേലയിലെ കാരക്കാസില്‍ ജനിച്ച വരന്‍ ഗ്രീക്ക് വംശപരമ്പരയുള്ളയാളാണ്. അലക്‌സാന്‍ഡ്രോ തെര്‍മിയോട്ടിസ് ഫയല്‍സാരിയുടെയും കോറിന ഹെര്‍ണാണ്ടസ് ഡി തെര്‍മിയോട്ടിസിന്റെയും മകനാണു വരന്‍.