ദോഹ. ഈദ് അവധി ആഘോഷിക്കാൻ ഇത്തവണ ഖത്തറിലെ വിവിധ പാർക്കുകൾ സന്ദർശിച്ചത് 131,961 ആളുകളാണെന്ന് റിപ്പോർട്ടുകൾ. സ്വദേശികളും വിദേശികളും അടങ്ങുന്ന ആളുകളുടെ കണക്കാണിത്.
ഏറ്റവുംകൂടുതൽ സന്ദർശകരെത്തിയത് ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു പാർക്കിലാണ്. അൻപതിനായിരത്തിലധികം ആളുകളാണ് ഇവിടെ സന്ദർശനം നടത്തിയത്. അൽ റയാൻ മുനിസിപ്പാലിറ്റിയിലെ പാർക്കുകളിൽ 35,500 പേർ സന്ദർശനം നടത്തി. അല്‍ ഖോര്‍ 30831, അല്‍ വകറ, അല്‍ ദായന്‍, ഉം സലാല്‍, ശഹാനിയ എന്നിവിടങ്ങളില്‍ 15630 പേര് എന്നിങ്ങനെയാണ് മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍.
രാജ്യത്തുടനീളമുള്ള എല്ലാ പൊതു പാർക്കുകളും ഈദുൽ ഫിത്തർ സമയത്ത് സന്ദർശകരെ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം സഞ്ജമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുടുംബങ്ങളും വ്യക്തികളും ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പ്രധാന പിക്നിക് സ്ഥലങ്ങളായി ഇവ മാറിക്കഴിഞ്ഞു.
വിശാലമായ ഹരിതാഭ നിറഞ്ഞ സ്ഥലങ്ങൾ , മരങ്ങൾ, ജോഗിംഗ് ട്രാക്കുകൾ, സൈക്ലിംഗ് ട്രാക്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ വിപുലമായ പാർക്കുകൾ ഒരുക്കിയതിന് സന്ദർശകർ പബ്ലിക് പാർക്ക് ഡിപ്പാർട്ട്മെന്റിന് നന്ദി അറിയിച്ചു. നിലവിൽ. ഖത്തറിലെ പൊതു പാർക്കുകളുടെ എണ്ണം 104 ആണ്.