ദോഹ: രാജ്യത്തെ എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്നതിനായി ബീച്ചുകള്‍ തുറക്കുക.
സീലൈന്‍ പബ്ലിക് ബീച്ച്, അല്‍ വക്ര പബ്ലിക് ബീച്ച്, അല്‍ വക്ര ഫാമിലി ബീച്ച്, സിമൈസ്മ ഫാമിലി ബീച്ച്, അല്‍ ഫെര്‍ക്കിയ ബീച്ച്, സഫ അല്‍ തൗഖ് ബീച്ച്, അല്‍ ഗരിയ ബീച്ച്, അല്‍ ഖറൈജ് ബീച്ച് എന്നിവയാണ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. അല്‍കാസ് ടെലിവിഷനില്‍ മജ്ലിസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ,മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ എന്‍ജിന്‍ സുലൈമാന്‍ അല്‍ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്.
ബീച്ചുകളില്‍ നവീകരണത്തിന്റെ ഭാഗമായി നടപ്പാതകള്‍, വ്യത്യസ്ത ഡിസൈനുകളിലുള്ള അലങ്കാരങ്ങള്‍, സ്ഥിരം ടോയ്ലറ്റുകള്‍, കിയോസ്‌കുകള്‍, ബാര്‍ബിക്യൂ ഏരിയകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വോളിബോള്‍, ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാതകളുള്ള ഉമ്മുല്‍ സെനീം പാര്‍ക്ക് അടുത്ത മാസം ആദ്യത്തോടെ ലോകകപ്പ് ആരാധകര്‍ക്കായി തുറക്കും.