ഖത്തര്‍ അമീര്‍ സൗദിയില്‍; കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു

qatar saudi

ദോഹ: നാല്‍പ്പത്തിയൊന്നാമത് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദിയില്‍ എത്തി. ഏതാനും നിമിഷം മുമ്പാണ് അദ്ദേഹം ഉല്‍ ഉല വിമാനത്താവളത്തില്‍ എത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഉല വിമാനത്താവളത്തില്‍ നേരിട്ടെത്തി അമീറിനെ സ്വീകരിച്ചു. ഖത്തറില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്ര സംഘവും അമീറിനൊപ്പമുണ്ട്. ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ച ശേഷം ഇതാദ്യമായാണ് അമീര്‍ സൗദിയില്‍ പ്രവേശിക്കുന്നത്. ഉപരോധം ആരംഭിച്ച ശേഷം നടന്ന ജിസിസി ഉച്ചകോടികളില്‍ അമീര്‍ പങ്കെടുത്തിരുന്നില്ല.

ഇന്ന് ഉച്ചയോടെ സൗദിയിലെ അല്‍ ഉലാ പ്രവിശ്യയിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. ഖത്തര്‍ ഉപരോധം പിന്‍വലിക്കുന്നതടക്കമുള്ള ഗള്‍ഫ് കൗണ്‍സില്‍ സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്തരവുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഈജിപത് ഖത്തിന് വേണ്ടി വ്യോമ പരിധി തുറന്നുകൊടുക്കുമെന്ന് സൗദി ചാനലായ അല്‍ അറബിയ റിപോര്‍ട്ട് ചെയ്തു. ചില ഉപാധികള്‍ മുന്നോട്ട് വച്ചാണ് ഈജിപ്തിന്റെ പ്രഖ്യാപനമെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഉപാധികള്‍ എന്താണെന്ന് ചാനല്‍ വ്യക്തമാക്കിയിട്ടില്ല. ഈജിപത് വിദേശകാര്യ മന്ത്രി സാമിഹി ശുക്‌റിയും ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ഖലീഫ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് നേതാക്കള്‍ ഇതിനകം സൗദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.