ദോഹ: ഖത്തറിൽ കോവിഡ് നിയമ ലംഘനത്തിനെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 1316 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതില്‍ 571 പേര്‍ക്കെതിരെ മാസ്ക്ക് ധരിക്കാത്തതിനും 720 പേര്‍ക്കതിരെ ശാരീരിക അകലം പാലിക്കാത്തതിനും 11 പേര്‍ക്കെതിരെ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് നടപടി സ്വീകരിച്ചത്. ഇതിന് പുറമെ, ക്വാറന്റൈന് നിയമം ലംഘിച്ചതിന് രണ്ട് പേരെയും, വാഹനങ്ങളില്‍ ആളുകളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തിയതിന് 12 പേരെയും അധികൃതർ പിടികൂടി.
മഹാമാരി പടരാതിരിക്കാന്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും സംരക്ഷണം നേടണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.