ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരിഗുളികകൾ പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ലഹരിഗുളികകൾ പിടിച്ചെടുത്തു. 7000 ലാറിക ഗുളികകളുമായി അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദേശിയെയാണ് പിടികൂടിയത്. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെടുത്തത്. ലഹരി ഗുളികകള്‍ ഉടന്‍ തന്നെ പിടിച്ചെടുത്തതായും ഇവ കൊണ്ടുവന്ന ആളിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ പിന്നീട് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള കാര്യം വീണ്ടും ഓര്‍മിപ്പിക്കുകയാണെന്ന് ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇത്തരം കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.