ആരാധകര്‍ക്ക് മിതമായ നിരക്കില്‍ ആകര്‍ഷകമായി താമസസൗകര്യങ്ങളുമായി ഫിഫ

ദോഹ:ലോകകപ്പ് ആരാധകര്‍ക്ക് മിതമായ നിരക്കില്‍ ആകര്‍ഷകമായി താമസസൗകര്യങ്ങളുമായി ഫിഫ. ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ന്റെ ഒഫീഷ്യല്‍ അക്കമഡേഷന്‍ പ്ലാറ്റ്ഫോമിലൂടെ (www.qatar2022.qa) താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യാം.

അല്‍ ഖോറിലെ ഫാന്‍ വില്ലേഡില്‍ മാത്രം ഫൈവ് സ്റ്റാര്‍ കാറ്റഗറിയിലുള്ള 200 പരമ്പരാഗത ക്യാമ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ക്യാമ്പിലും രണ്ട് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ രണ്ട് കിടക്കകളും ഒരു കുളിമുറി അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

കൂടാതെ, ഫാന്‍ വില്ലേജില്‍ വിവിധ പരിപാടികള്‍ നടത്തുമെന്നും മത്സരങ്ങള്‍ കാണുന്നതിന് കൂറ്റന്‍ സ്‌ക്രീനുകള്‍ ഉണ്ടായിരിക്കുമെന്നും ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു

ക്വിതൈഫാന്‍ ദ്വീപില്‍ 1,800 ആധുനിക ക്യാമ്പുകളും ആരാധകര്‍ക്കുള്ള താമസ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അല്‍ ജാബര്‍ പറഞ്ഞു. ഇതുവരെ ഏകദേശം 1,30,000 മുറികളാണ് പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്തതെന്ന് അല്‍ ജാബര്‍ വ്യക്തമാക്കി. ലോകകപ്പ് ആരാധകര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2022 മാര്‍ച്ചിലാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്.

വിവിധ കാറ്റഗറിയിലുള്ള ഹോട്ടലുകള്‍, ഭീമന്‍ ക്രൂയിസ് കപ്പലുകള്‍, സര്‍വീസ് അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍, ക്യാബിന്‍ ശൈലിയിലുള്ള താമസസൗകര്യങ്ങള്‍ തുടങ്ങി ഒന്നിലധികം ഓപ്ഷനുകള്‍ പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.