തുർക്കിയിലെ ദുരിത ബാധിതർക്കായി 1,400 മൊബൈൽ വീടുകൾ കൂടി നിർമ്മിച്ച് നൽകാൻ ഖത്തർ

ദോഹ: തുർക്കിയിലെ ദുരിത ബാധിതർക്കായി 1,400 മൊബൈൽ വീടുകൾ കൂടി നിർമ്മിച്ച് നൽകാനൊരുങ്ങി ഖത്തർ. ദോഹയിലെ തുർക്കി അംബാസഡർ മുസ്തഫ ഗോക്‌സു ഇക്കാര്യം സ്ഥിരീകരിച്ചു. മുഴുവൻ മൊബൈൽ വീടുകളും എത്തിക്കുന്നതിന് തുർക്കി എംബസി ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തുർക്കിയിൽ കനത്ത നാശം വിതച്ച ഭൂചലനത്തിന് പിന്നാലെ 6.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി രേഖപ്പെടുത്തിയിരുന്നു. ഇതിൽ എട്ട് പേര് കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് പതിനായിരം മൊബൈൽ വീടുകൾ ഖത്തർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഭാഗമായി ഫെബ്രുവരി 12-ന് പൂർണ്ണമായും സജ്ജീകരിച്ച 306 വസതികൾ തുർക്കിയിൽ എത്തിച്ചിരുന്നു. ദുരിതബാധിതർക്കായുള്ള ഖത്തറിന്റെ സഹായങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.