ലോകകപ്പിന് ശേഷവും ഖത്തറിലെ വാടക നിരക്കിൽ ഇടിവില്ല

ദോഹ:ലോകകപ്പിന് ശേഷവും ഖത്തറിലെ വാടക നിരക്കിൽ ഇടിവില്ല. ലുസൈൽ, അൽ വക്ര എന്നിവയുൾപ്പെടെ ഖത്തറിലെ പ്രധാന നഗരങ്ങളിലെ റെസിഡൻഷ്യൽ ഏരിയകളിലെ അപ്പാർട്ട്‌മെന്റുകളുടെയും വില്ലകളുടെയും വാടക ലോകകപ്പിന് മുന്നോടിയായി ഇരട്ടിയായിരുന്നു.

ഗ്ലോബൽ പ്രോപ്പർട്ടി ഗൈഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മിഡിൽ ഈസ്റ്റിൽ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുടെ ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ വാടകയുള്ളത് ഖത്തറിലാണ്. മാസാടിസ്ഥാനത്തിൽ ശരാശരി 3,742 ഡോളർ (QR13,625) വാടകയുമായി ഖത്തർ പട്ടികയിൽ ഒന്നാം സ്ഥാനത്തും 2,208 ഡോളറുമായി യുഎഇ (QR8,043) രണ്ടാം സ്ഥാനത്തുമാണ്. ഇവർ തമ്മിൽ 1,534 ഡോളറിന്റെ (QR5,582) വൻ വ്യത്യാസം ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ലോകകപ്പ് കാലയളവ് മുതലുള്ള സ്ഥിരമായ നിരക്കുകൾ രാജ്യത്തെ ഭൂരിഭാഗം താമസക്കാരെയും ബാധിച്ചു. ഇത് കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയും കരാർ അവസാനിക്കുന്നതിന് മുമ്പ് നിലവിലെ അപ്പാർട്ട്‌മെന്റുകൾ ഉപേക്ഷിക്കാൻ പലരേയും നിർബന്ധിക്കുകയും ചെയ്യുന്നു.

മുൻ വർഷങ്ങളിൽ ഇടപാടുകളുടെ അളവ് 36 ശതമാനം വർദ്ധിച്ചതിനാൽ നിരവധി ഘടകങ്ങൾ വാടക വിപണിയെ ബാധിച്ചു. 2021-ന്റെ മൂന്നാം പാദത്തിൽ, മുഐതർ, അൽ വക്ര, അൽ ഖോർ എന്നിവ വിപണിയിലെ ഏറ്റവും ഉയർന്ന ഇടപാടുകൾ രേഖപ്പെടുത്തി.

റിയൽ എസ്റ്റേറ്റ് നിരീക്ഷകരിൽ ചിലർ ഈ വർഷം പകുതിയോടെ വില കുറയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, വാടക വർദ്ധനയുടെ പ്രാഥമിക കാരണം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ഇതിൽ നിന്നുള്ള നേട്ടങ്ങളുമാണെന്ന് ഖത്തർ മാധ്യമമായ ദി പെനിൻസുല നടത്തിയ സർവേ വിശദമാക്കുന്നു.

2022 ന് തുടർച്ചയായി 2023-ലും എക്സ്പോയും ഏഷ്യൻ കപ്പ് ഫുട്‌ബോളും ഉൾപ്പെടെയുള്ള ധാരാളം ഗ്ലോബൽ ഇവന്റുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഈ കാലയളവിലും ധാരാളം സന്ദർശകരെയും വിനോദസഞ്ചാരികളെയും രാജ്യം പ്രതീക്ഷിക്കുന്നു. ഇതിനാലും വാടക ഇതേ നിലയിൽ തുടരുമെന്ന് മാർക്കറ്റ് വിദഗ്ദ്ധർ അറിയിക്കുന്നു.