ദോഹ: ഖത്തര്‍ ഹോസ്റ്റ്’ ടൂറിസം പരിശീലന പരിപാടിക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ഒണ്‍ലൈന്‍ വിനോദസഞ്ചാര പരിശീലന പരിപാടിയാണിത്.
ഹോട്ടല്‍ സ്റ്റാഫ്, മാള്‍ സെക്യൂരിറ്റി, റസ്റ്റാറന്റ് വെയിറ്റര്‍മാര്‍ തുടങ്ങി മുന്‍നിര ജീവനക്കാര്‍ക്ക് അന്താരാഷ്ട്ര, ആഭ്യന്തര സന്ദര്‍ശകര്‍ക്ക് സേവനമികവ് നല്‍കുന്നതിനുള്ള കഴിവുകളും അഭിരുചികളും അറിവുകളും നല്‍കുകയാണ് ഈ പരിശീലനപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
സര്‍വിസ് എക്സലന്‍സ് അക്കാദമിയുടെ ഭാഗമായി ഖത്തര്‍ ഹോസ്റ്റ് ടൂറിസം പരിശീലന പരിപാടി വികസിപ്പിക്കുന്നതിന് ആഗോള ടൂറിസം വിദഗ്ധരടങ്ങുന്ന കണ്‍സോര്‍ട്യവുമായി ഖത്തര്‍ ടൂറിസം പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും മികച്ച ഒണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് ഖത്തര്‍ ടൂറിസം മുന്നോട്ടുവെക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ പഠിക്കാനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു.
സന്ദര്‍ശകരുമായി നേരിട്ടിടപഴകുന്ന ജീവനക്കാര്‍ എങ്ങനെ സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്താമെന്നും സന്ദര്‍ശകരുമായി ഇടപഴകുമ്ബോള്‍ അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം എങ്ങനെ പ്രവര്‍ത്തിക്കാമെന്നും ഇത് ഉപയോക്താക്കളെ പഠിപ്പിക്കുന്നു.സന്ദര്‍ശകരുടെ യാത്രയിലെ ഓരോ ടച്ച് പോയിന്റിലും തങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന ഖത്തര്‍ ടൂറിസത്തിന്റെ സ്ട്രാറ്റജി അടിസ്ഥാനമാക്കിയുള്ള സര്‍വിസ് എക്സലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംരംഭം.
ഖത്തര്‍ ഹോസ്റ്റ് ടൂറിസം പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി https://www.qatartourism.com/en/licensingeservices/serviceexcellenceacademy/qatarhost എന്ന വെബ്പോര്‍ട്ടല്‍ സന്ദർശിക്കാവുന്നതാണ്.