FIBA ലോക ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകും

ദോഹ: 2027ല്‍ നടക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ ലോക കപ്പ് മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ (FIBA) നടത്തുന്ന മത്സരങ്ങള്‍ ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയില്‍ അരങ്ങേറുമെന്ന് ഖത്തര്‍ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ (QBF) അറിയിച്ചു.

ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ഖത്തറിന്റെ പരിചയസമ്പത്താണ് ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍ രാജ്യത്തേക്കെത്താന്‍ കാരണം. ലോകത്തിലെ ഏറ്റവും മികച്ച കണക്റ്റഡ് ഡെസ്റ്റിനേഷനുകളിലൊന്നായ ദോഹയിലേക്കു പങ്കെടുക്കാന്‍ സാധ്യതയുള്ള മിക്ക രാജ്യങ്ങളില്‍ നിന്നു നേരിട്ടുള്ള വിമാനസര്‍വീസുകളും ലഭ്യമാണ്. കൂടാതെ, അടുത്തിടെ നവീകരിച്ച സബ്‌വേയും പൊതുഗതാഗത ശൃംഖലയും എല്ലാ വേദികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കു മികച്ച സേവനം നല്‍കുന്നതും ഖത്തറിന് അനുകൂലമായ നടപടികളായി.

എല്ലാ വേദികളും ദോഹയിലായതിനാല്‍ ടീമുകള്‍ക്കും ആരാധകര്‍ക്കും എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സൗകര്യമാകും. വേദികള്‍ തമ്മില്‍ പരമാവധി 30 മിനിറ്റു മാത്രമാണു യാത്രസമയം.