ഖത്തറിൽ റിക്രൂട്ട്‌മെന്റ് ഫീസ് ഇനത്തില്‍ ഈടാക്കിയ 823 ലക്ഷം റിയാല്‍ തൊഴിലാളികള്‍ക്ക് തിരിച്ചുനല്‍കി 266 കോണ്‍ട്രാക്ടര്‍മാര്‍

ദോഹ: ഖത്തറിൽ റിക്രൂട്ട്‌മെന്റ് ഫീസ് ഇനത്തില്‍ ഈടാക്കിയ 823 ലക്ഷം റിയാല്‍ തൊഴിലാളികള്‍ക്ക് തിരിച്ചുനല്‍കി 266 കോണ്‍ട്രാക്ടര്‍മാര്‍. തൊഴിലാളികളില്‍ നിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്ന നിയമവിരുദ്ധമായ സമ്പ്രദായത്തെ ചെറുക്കുന്നതിന് യൂണിവേഴ്സല്‍ റീഇംബേഴ്സ്മെന്റ് സ്‌കീം ആരംഭിച്ച സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലൈഗസിയുടെ ഇടപെടല്‍ നിമിത്തമാണിത്. ഖത്തറിന്റെ അഭിമാന പദ്ധതിയായ ഫിഫ ലോക കപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കാളികളായത്. 266 കരാറുകാര്‍ 36 മാസ കാലയളവില്‍ 49,286 തൊഴിലാളികള്‍ക്ക് ഏകദേശം 103.95 മില്യണ്‍ റിയാല്‍ തിരികെ നല്‍കാന്‍ സമ്മതിച്ചതായും ഇന്നുവരെ, 82.35 മില്യണ്‍ റിയാല്‍ തിരിച്ചടച്ചതായും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഖത്തറിലെ തൊഴില്‍ മന്ത്രാലയവും സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും സംരക്ഷണവുമാണ് ഖത്തറിലെ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഖത്തറിലെത്തിയ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും റിക്രൂട്ട്മെന്റ് ഫീസ് അടച്ചിട്ടുണ്ടെങ്കിലും അതിന് തെളിവ് ഹാജറാക്കാനാവാത്തതിനാല്‍ തൊഴിലുടമകളുടെ തിരിച്ചടവ് തടസ്സപ്പെടുത്തുന്നു. എങ്കിലും റിക്രൂട്ട്‌മെന്റ് ഫീസ് ഇനത്തില്‍ അടച്ച തുക എല്ലാ തൊഴിലാളികള്‍ക്കും വാങ്ങിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളാണ് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലൈഗസി നടത്തുന്നത്.

സമഗ്രമായ മെഡിക്കല്‍ സ്‌ക്രീനിംഗ്, മാനസികാരോഗ്യ സ്‌ക്രീനിംഗ്, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് സംവിധാനം, ചൂട് സമ്മര്‍ദ്ദം പരിഹരിക്കുന്നതിനായി 45,000 സ്റ്റേ ക്യൂള്‍ സ്യൂട്ടുകളുടെ വിന്യാസം എന്നിവയും ഖത്തര്‍ നടപ്പാക്കിയ തൊഴിലാളി ക്ഷേമ നടപടികളാണ്