ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അല്‍ റാസ ഫോട്ടോഗ്രാഫി പുറത്തിറക്കിയ ആനിമേഷന്‍ വീഡിയോ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ റാഷിദ് അല്‍ മന്‍സൂരി പ്രകാശനം ചെയ്തു. ഖത്തറിന്റെ സംസ്ക്കാരവും, വളര്‍ച്ചയും ഒരു പോലെ പ്രതിഫലിപ്പിക്കുന്ന ആനിമേഷന്‍ വീഡിയോ വളരെ മികവാര്‍ന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിര്‍ള പബ്ലിക് സ്കൂള്‍ സ്ഥാപക ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. മോഹന്‍ തോമസ്, അല്‍ റാസ മാനേജിങ് ഡയറക്ടര്‍ സക്കരിയ സലാഹുദ്ദീന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പട്ടം പറത്തുന്ന രണ്ട് അറബ് കുരുന്നുകളെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ആനിമേഷന്‍ വീഡിയോയില്‍ ഖത്തറിനെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമൊക്കെ മനോഹരമായി ഇഴചേര്‍ത്തിട്ടുണ്ട്. കോര്‍ണിഷിലെ സൈനിക പരേഡ്, സൂഖ് വാഖിഫ്, ഫനാര്‍, അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിനെതിരേ ഖത്തര്‍ നടത്തിയ വീരോചിത ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ ബലദ്നാ ഫാം, സുബാറ, ലോക കപ്പ് സറ്റേഡിയങ്ങള്‍, ഖത്തര്‍ എയര്‍വെയ്സ്, ഹമദ് ഹോസ്പിറ്റല്‍ തുടങ്ങിയവ വീഡിയോയില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ ഗാന പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള വീഡിയോ അന്നം നല്കുന്ന രാജ്യത്തിനുള്ള അല്‍ റാസയുടെ സ്നേഹ സമ്മാനമാണെന്ന് സക്കരിയ സലാഹുദ്ദീന് പറഞ്ഞു.