ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിന്റെ പരമാവധി കാലാവധി 9 മാസം മാത്രമെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഒൻപത് മാസം കഴിഞ്ഞവർ ബൂസ്റ്റർ എടുത്തില്ലെങ്കിൽ ഖത്തറിലെത്തിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണം.
ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്‍ഡാന്‍, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങളെ റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്‌സിനെടുത്ത് 9 മാസം കഴിഞ്ഞ താമസക്കാര്‍ ബൂസ്റ്റര്‍ ഡോസെടുത്തിട്ടില്ലെങ്കില്‍ 5 ദിവസം ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. യാത്രക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന താമസക്കാര്‍ക്ക് 5 ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാകും. പി.സി.ആര്‍ ബാധകമല്ല. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ച ഫൈസര്‍, മൊഡേണ, അസ്ട്രസെനിക ( കോവിഷീല്‍ഡ്) ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ഖത്തറിൽ അംഗീകാരമുള്ളത്.