വ്യാജ ഫോൺ കോളുകൾ സൂക്ഷിക്കണം; ഖത്തറിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

ദോഹ: വ്യക്തിപരമോ സാമ്പത്തികമോ ആയ സഹായങ്ങൾ അഭ്യർത്ഥിക്കുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) ഓർമ്മിപ്പിച്ചു.ഖത്തർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ക്യാപിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് സഖർ ഖമീസ് അൽ കുബൈസിയാണ് വ്യാജ ഫോൺ കോളുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

ഖത്തറിലെ നിരവധി പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയോ സാമ്പത്തിക സമ്മാനം നേടിയതായി തെറ്റായി അറിയിക്കുകയോ ചെയ്തുകൊണ്ട് വ്യാജ ഫോൺ കോളുകൾ ലഭിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ കോളുകളിൽ ചിലത് പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അന്തർദ്ദേശീയ നമ്പറുകളിൽ നിന്നാണ് വരിക. ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ തടയൽ വകുപ്പിന് ഈ പ്രശ്നത്തെക്കുറിച്ച് പൂർണ്ണമായി അറിയാമെന്നും ഇത് പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അൽകുബൈസി പറഞ്ഞു.