ദോഹ: ഫിഫ ലോകകപ്പിന്റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള ഇലക്ട്രിക് ബസുകൾ ഹമദ് തുറമുഖത്തെത്തി. 130 ഇലക്ട്രിക് ബസുകളുടെ അവസാന ബാച്ചാണ് എത്തിയത്. ലോകകപ്പിനായി ഓർഡർ ചെയ്ത എല്ലാ 741 യൂണിറ്റുകളുടെയും വിതരണം ഈ ബാച്ച് പൂർത്തിയാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ടൂർണമെന്റിനുശേഷം ബസുകൾ ഗതാഗതത്തിനു സ്ഥിരമായി ഉപയോഗിക്കും. സംയോജിത ഇലക്ട്രിക് ബസ് സംവിധാനമുള്ള ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി ഇതു ഖത്തറിനെ മാറ്റും.
ദോഹ നഗരം, ലുസൈൽ അൽഖോർ എന്നിവിടങ്ങളിലെ പ്രധാന പൊതുഗതാഗത പാതകളിൽ ഉപയോഗിക്കുന്നതിന് പുറമെ മെട്രോ ലിങ്ക് സേവനങ്ങൾക്കും ഇലക്ട്രിക് ബസ് ഉപയോഗിക്കും. മൂവായിരത്തിലധികം ഡ്രൈവർമാർക്കൊപ്പം 200ലധികം സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ഈ ബസുകൾ പ്രവർത്തിക്കുന്നതിനായി ഉണ്ട്.