ഫലസ്തീൻ ഉപേക്ഷിച്ച അറബ് ലീഗ് അധ്യക്ഷപദം നിരസിച്ച് ഖത്തർ

ദോഹ: ഇസ്രായേലുമായി യുഎഇയും ബഹ്‌റൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിൽ പ്രതിഷേധിച്ച് അടുത്തിടെ ഫലസ്തീൻ കൈയ്യൊഴിഞ്ഞ അറബ് ലീഗ് അധ്യക്ഷപദം തങ്ങൾ ഏറ്റെടുക്കില്ലെന്ന് ഖത്തർ. അറബ് ലീഗിന്റെ 154ാമത് മന്ത്രിതല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തർ വിമുഖത പ്രകടിപ്പിച്ചത്.

അക്ഷരമാലാക്രമത്തിലും ലീഗ് കൗൺസിലിന്റെ നടപടിക്രമ ചട്ടങ്ങളുടെ ആറാം ആർട്ടിക്കിൾ അനുസരിച്ചുമാണ് ലീഗിന്റെ മന്ത്രിതല യോഗത്തിന്റെ അധ്യക്ഷപദവി രാജ്യങ്ങൾ വഹിക്കുന്നത്. ഇതു പ്രകാരം അടുത്ത വർഷം മാർച്ചിൽ നടക്കുന്ന 155ാമത് സെഷന്റെ അധ്യക്ഷ പദവി ഖത്തറിനാണ്.

ഏതെങ്കിലും സാഹചര്യത്തിൽ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ ഏതെങ്കിലും രാജ്യം വിസമ്മതിക്കുകയോ കഴിയാതെ വരികയോ ചെയ്താൽ സ്വാഭാവികമായും അടുത്ത വർഷം അധ്യക്ഷ പദവി വഹിക്കുന്ന രാജ്യത്തിനാണ് ഈ പദവിക്ക് അർഹത. ഇതു പ്രകാരം ഫലസ്തീൻ അധ്യക്ഷ പദവി രാജിവെച്ചതോടെ ഖത്തറിനായിരുന്നു അധ്യക്ഷ പദവി ലഭിക്കേണ്ടിയിരുന്നത്.

എന്നാൽ ഫലസ്തീനെ ഏറ്റവും അധികം പിന്തുണക്കുന്ന രാജ്യമായ ഖത്തർ ഫലസ്തീൻ ഉപേക്ഷിച്ച അധ്യക്ഷപദം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഖത്തർ പ്രസ്താവനയിൽ അറിയിച്ചു.

ഇസ്രായേൽ അധിനിവേശ പ്രദേശങ്ങൾ ഉൾപ്പെടുത്തി സ്വതന്ത്ര രാഷ്ട്രം വേണമെന്ന ഫലസ്തീന്റെ എല്ലാകാലത്തെയും ആഗ്രഹത്തെയാണ് യുഎഇയും ബഹ്‌റൈനും ഒത്തുതീർപ്പിലൂടെ നിരാകരിച്ചതെന്ന് ഫലസ്തീൻ ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് യുഎഇയുടെയും ബഹ്റൈന്റെയും നടപടിയെ മറ്റ് രാജ്യങ്ങളെകൊണ്ട് അപലപിപ്പിക്കാൻ ഫലസ്തീൻ ശ്രമിച്ചിരുന്നു. എന്നാൽ അതിലും ഫലസ്തീൻ പരാജയപ്പെട്ടു.

ലീഗിന്റെ അധ്യക്ഷ പദവിയിൽ ആറ് മാസം കൂടി തുടരാൻ അംഗരാജ്യങ്ങൾ ഫലസ്തീനെ പിന്തുണച്ചു. പക്ഷേ, തങ്ങളിൽ വിശ്വാസമില്ലാത്ത സമിതിയുടെ അധ്യക്ഷ പദവയിൽ തുടരുന്നതിൽ അർഥമില്ലെന്നായിരുന്നു ഫലസ്തീന്റെ നിലപാട്. തുടർന്നാണ് ഫലസ്തീൻ കഴിഞ്ഞ ആഴ്ച അധ്യക്ഷ പദവി രാജിവെച്ചത്.

അതേസമയം, ഫലസ്തീൻ വിഷയത്തിൽ തങ്ങളുടെ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും ഫലസ്തീൻ ജനതക്ക് നൽകുന്ന പിന്തുണ തുടരുമെന്നും ഫലസ്തീനിലെ ഫത്ഹ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ജനറൽ മേജർ ജനറൽ ജിബ്രീൽ റജൂബുമായുള്ള കൂടിക്കാഴ്ചക്കിടെ ഖത്തർ ഉപ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.