ഖത്തറിലെ പ്രമുഖ മലയാളി സംഘടനയായ സംസ്കൃതി വിപുലമായ പരിപാടികളോടെ “സംസ്കൃതി സ്പോർട്സ് ഡേ 2022” ആഘോഷിച്ചു. സംസ്കൃതി സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലമായി സംഘടിപ്പിച്ച പരിപാടികൾക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ആവേശകരമായ കായിക മത്സരങ്ങളോടെ സമാപനമായി.
മുൻ ഖത്തർ വോളി ബോൾ ടീം ക്യാപ്റ്റൻ മുബാറക്ക് ഈദ് മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത്, പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്കൃതി ജനറൽ സെക്രട്ടറി എ കെ ജലീൽ. ഇ എം സുധീർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ എന്നിവർ സംസാരിച്ചു. സ്പോർട്സ് കമ്മറ്റി കൺവീനർ ശ്രീജിത്ത് പദ്മജൻ സ്വാഗതവും, സംസ്കൃതി സ്പോർട്സ് കമ്മറ്റി ചുമതലയുള്ള സെക്രട്ടറി സൾട്ടസ് സാമുവൽ നന്ദിയും പറഞ്ഞു.
സംസ്കൃതിയുടെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, വടംവലി, മറ്റു വ്യക്തിഗത കായിക മത്സരങ്ങൾ എന്നിവ സ്പോർട്സ് ഡേയുടെ ഭാഗമായി നടന്നു. സംസ്കൃതി യൂണിറ്റുകൾ അണിനിരന്ന വർണ്ണാഭമായ മാർച്ച്പാസ്ററ് പരിപാടികൾക്ക് മേളക്കൊഴുപ്പേകി.
ചെണ്ട മേളങ്ങൾ, കേരളത്തനിമയുള്ള വിവിധ ദൃശ്യങ്ങൾ, ഖത്തറിൽ അരങ്ങേറാൻ പോകുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് അക്യദാർഢ്യമേകുന്ന പ്ലക്കാർഡുകൾ തുടങ്ങി വിവിധങ്ങളായ കാഴ്ചകളൊരുക്കി അബുഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിന് വർണ്ണപ്പൊലിമയേകിയ മാർച്ച്പാസ്ററ് ആവേശം വിതറി.
വിവിധ ഇടങ്ങളിലായി നടന്ന ഫുട്ബോൾ മത്സരത്തിൽ മൻസൂറ യൂണിറ്റ് വിജയികളായി. ക്രിക്കറ്റ് മത്സരത്തിൽ മിസൈദ് യൂണിറ്റും പുരുഷന്മാരുടെയും വനിതകളുടെയും വടംവലി മത്സരത്തിൽ അബുഹമൂർ യൂണിറ്റും വിജയികളായി. മൻസൂറ യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായും തെരെഞ്ഞെടുക്കപ്പെട്ടു. സംസ്കൃതി ഭാരവാഹികൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, സംസ്കൃതി സ്പോർട്സ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. വനിതകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് സംസ്കൃതി അംഗങ്ങൾ പരിപാടിയുടെ ഭാഗമായി. ഇമാറ മെഡിക്കൽ സെന്റർ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ എന്നിവ പ്രാഥമിക വൈദ്യസഹായങ്ങൾ ഒരുക്കി.
വൈകിട്ട് നടന്ന സമാപന പരിപാടിയിൽ മത്സരവിജയികൾക്കുള്ള ട്രോഫികളും മെഡലുകളൂം സംസ്കൃതി നേതാക്കൾ സമ്മാനിച്ചു. മുൻ പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ വിജയികൾക്ക് ആശംസകൾ നേർന്നു.