ഖത്തറിൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രവാസിയെ കോടതി കുറ്റവിമുക്തനാക്കി

ദോഹ: ഖത്തറിൽ മോഷണകുറ്റമാരോപിച്ച് അറസ്റ്റിലായ പ്രവാസിയെ കോടതി കുറ്റവിമുക്തനാക്കി. ഒരു ടാക്‌സി ഡ്രൈവറിൽ നിന്ന് 1,750 റിയാൽ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഒരു പ്രവാസിയെ ദോഹ കോടതി കുറ്റവിമുക്തനാക്കിയതായി പ്രാദേശിക അറബിക് ദിനപത്രമായ അരായ റിപ്പോർട്ട് ചെയ്തു. മുഖ്യ പ്രതിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതി വിട്ടയച്ചത്.

തന്റെ വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ കൂട്ടാളിയുടെ സഹായത്തോടെ തന്നിൽ നിന്ന് പണം മോഷ്ടിച്ചതായി ടാക്‌സി ഡ്രൈവർ ആരോപിച്ചു. ഒടുവിൽ ഇരുവരെയും അറസ്റ്റ് ചെയ്തപ്പോൾ പ്രതിയാക്കപ്പെട്ടയാൾ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഡ്രൈവർ തങ്ങളെ മോഷണക്കുറ്റം ആരോപിക്കുന്നതിന്റെ കാരണം അറിയില്ലെന്നും പറഞ്ഞു. അറസ്റ്റ് നടപടികളെല്ലാം നിയമവിരുദ്ധമാണെന്നും തന്റെ കക്ഷിയെ വിട്ടയക്കണമെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.