ദോഹ: പ്ലാസ്റ്റിക് രഹിത രാജ്യമാകാൻ ഖത്തർ. പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കി പരിസ്ഥിതിക്ക് കരുതൽ നൽകുക എന്ന ലക്ഷ്യം. വൺ ടൈഡുമായി സഹകരിച്ചുള്ള പദ്ധതികൾക്ക് അധികൃതർ രൂപം നൽകി.
മേയ് 29 മുതൽ ജൂൺ നാലുവരെ സംഘടിപ്പിച്ച വൺ ടൈഡ് വീക്ക് കാമ്പയിൻ ഭാഗമായി സംഘടിപ്പിച്ച വിവിധ ശിൽപശാലകളിൽ സുപ്രീം കമ്മിറ്റിയും സെവൻ ക്ലീൻ സീസും വൺ ടൈഡ് പ്രോഗ്രാമിനെ സദസ്സിന് പരിചയപ്പെടുത്തുകയും പ്രാദേശിക സംഘാടകർക്ക് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച വിവരണം നൽകുകയും ചെയ്തു.
ഖത്തറിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്നതിന് വട്ടമേശ ചർച്ചയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഫിഫ അറബ് കപ്പുൾപ്പെടെയുള്ള പ്രധാന ടൂർണമെൻറുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് സ്വീകരിച്ച നടപടികളും പരിപാടിയിൽ വിശദീകരിച്ചു.