ഖത്തറിൽ വസന്തകാലത്തിന് തുടക്കമായി

ദോഹ: ഖത്തറിൽ വസന്തകാലത്തിന് തുടക്കമായി. 26 ദിവസം നീണ്ടുനിൽക്കുന്ന ഹമീമൈൻ (രണ്ട് ഹീറ്റ്‌സ്) സീസൺ ഇന്ന് മുതൽ ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. സീസണിന്റെ മധ്യത്തിൽ, പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും, പകൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. എല്ലാ പ്രദേശങ്ങളിലും വസന്തകാലത്തിന്റെ ആരംഭമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. അൽ സരായത്ത് എന്നറിയപ്പെടുന്ന ശക്തമായ, താഴ്ന്ന കാറ്റും ഈ സീസണിൽ സജീവമാകും. ഖത്തറിലെ വസന്തകാലത്തിന്റെ സവിശേഷത തുടർച്ചയായ കാലാവസ്ഥാ ഏറ്റക്കുറച്ചിലുകളാണ്.

മാർച്ച് രണ്ടാം പകുതിയിൽ രാജ്യത്ത് താപനില ക്രമേണ ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ഫെബ്രുവരിയിലെ കാലാവസ്ഥാ വിവരത്തിലൂടെ അറിയിച്ചു. മാർച്ച് മാസത്തിലെ പ്രതിദിന ശരാശരി താപനില 21.9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.