
ദോഹ: വേനൽക്കാലം ആഘോഷമാക്കാൻ ആക്ഷൻ പ്ലാൻ ടൂറിസവുമായി ഖത്തർ. രാജ്യത്തെ കുടുംബങ്ങളെ ലക്ഷ്യംവെച്ചുള്ള പരിപാടികളുടെ പട്ടിക മേയ് അവസാനം ഖത്തർ ടൂറിസം പുറത്തുവിടും. കലാപ്രകടനങ്ങൾ നിരവധി പരിപാടികളാണ് കുടുംബങ്ങളെ കാത്തിരിക്കുന്നത്.
മേയ് അവസാനത്തോടെ ഖത്തർ ടൂറിസം വേനൽക്കാല പരിപാടികളുടെ സമയക്രമം പ്രഖ്യാപിക്കുമെന്ന് ക്യു.ടി സി.ഒ.ഒ ബെർതോൾഡ് ട്രങ്കൽ പറഞ്ഞു. ആഭ്യന്തരവും അന്തർദേശീയവുമായ നിരവധി വിനോദപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദോഹയിലും മറ്റുമായി താമസിക്കുന്നവർക്ക് രാത്രിയും പകലുമായി നിരവധി അവസരങ്ങളാണ് തയാറാക്കുന്നത്.
കൂടാതെ ഹോട്ടലുകൾക്കുള്ള ആവേശകരമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് ട്രങ്കൽ വിശദീകരിച്ചു. സന്ദർശകരും വേനൽക്കാലത്ത് കൂടുതലായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് 19, 26 തീയതികളിലായി രണ്ട് മത്സരങ്ങൾകൂടി ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കും. മേയ് 15 മുതൽ 18 വരെ നിർമാണ മേഖലയിലെ പുതിയ പ്രദർശനമായ ബിൽഡ് യുവർ ഹോം ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കും.ഖത്തർ സർവകലാശാലയിൽ ഖത്തർ സി.എസ്.ആർ ഉച്ചകോടി 16 മുതൽ 18 വരെയും ദുഹൈൽ സ്പോർട്സ് ക്ലബിൽ മേയ് 16ന് ഖത്തർ കപ്പ് ഹാൻഡ്ബാൾ ഫൈനലും നടക്കും. ഖത്തറിന്റെ തിമിംഗല സ്രാവുകളെ അറിയുക എന്ന തലക്കെട്ടിൽ മേയ് 18 മുതൽ 31 വരെ അൽ റുവൈസ് തുറമുഖത്ത് പ്രത്യേക പരിപാടിയും നടക്കും.