ദോഹ: ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. ശനിയാഴ്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
പുതിയ ഇളവുകള്‍ താഴെപ്പറയുന്നവയാണ്
* കുട്ടികള്‍ക്കും വാക്സിന് എടുക്കാത്തവര്‍ക്കും മാളുകളിലും കോംപ്ലക്സുകളിലും പ്രവേശനം അനുവദിക്കും.
ഈ ഇടങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യാം. എന്നാല്‍ ഇവിടങ്ങളിലെ ഭക്ഷണ ശാലകള്‍ക്ക് 50 ശതമാനം ശേഷിയിലെ പ്രവര്‍ത്തന അനുമതിയുള്ളൂ. ഷോപ്പിംഗ് മാളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍, ട്രയല്‍ റൂമുകള്‍, ടോയ്ലറ്റുകള് എന്നിവ തുറക്കും.
* വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ് കോര്‍ട്ടുകള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുക.
* സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഓഫിസിലെത്താം.
* പൊതു-സ്വകാര്യ തൊഴില്‍ മേഖലകളിലെ മീറ്റിങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
* ബസും മെട്രോയും ഉള്‍പ്പെടുന്ന പൊതുഗതാഗതത്തില്‍ യാത്രക്കാരുടെ ശേഷി 75 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഭക്ഷ്യപാനീയങ്ങള്‍, സ്മോക്കിംഗ് എന്നിവ അനുവദിക്കാത്തത് തുടരും.
* കുട്ടികള്‍ക്കുള്ള മസ്ജിദ് പ്രവേശന നിരോധനം നീക്കി.
*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ശേഷി 75 ശതമാനം ആക്കി ഉയര്‍ത്തി.
* മാസ്ക്, ഇഹ്തിറാസ് ഉപയോഗം സമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങളില്‍ മാറ്റമില്ല.
* വീടുകളിലും മജ്ലിസുകളിലും സാമൂഹിക ഒത്തുചേരലുകല്‍ അനുവദിക്കുന്നത് തുടരും. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഒഴികെ, വീടുകളിലും മജ്ലിസുകളിലും അടച്ചിട്ട ഇടങ്ങളില്‍ വാക്സിനേഷന് സ്വീകരിച്ച പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 15 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
* തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം ശേഷിയില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. തിയറ്ററിലെത്തുന്നവരില് 75 ശതമാനം പേരും വാക്സിനെടുത്തവരായിരിക്കണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ പ്രവേശനം അനുവദിക്കും.
* വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ട്രെയിനികള്‍ വാക്സിനെടുത്തവരാണെങ്കില്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വാക്സിനേഷനെടുക്കാത്ത ട്രെയിനികള്‍ എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
* നഴ്സറികള്‍ 75 ശതമാനം ശേഷിയില്‍ കവിയാതെ തുറന്നു പ്രവര്ത്തിക്കാവുന്നതാണ.് നഴ്സറികളില്‍ ജോലിചെയ്യുന്നവരെല്ലാം പൂര്‍ണ്ണമായും വാക്സിനേഷന് സ്വീകരിച്ചവരായിരിക്കണം.
* പൂര്‍ണ്ണ ശേഷിയോടെ മ്യൂസിയങ്ങളും പൊതു ലൈബ്രറികളും തുറക്കാം. വാക്സിനെടുക്കാത്തവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്.
* പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സെഷനുകള്‍ നടത്താന്‍ അനുമതി. എല്ലാ പരിശീലകരും വാക്സിനെടുത്തവരായിരിക്കണം. ഒരു സെഷനില്‍ അഞ്ച് പേരില്‍ കൂടുതല്ആളുകള് പാടില്ല.
* അടഞ്ഞതും തുറസ്സായതുമായ സ്ഥലങ്ങളില്‍ പ്രൊഫഷണല്‍ കായിക പരിശീലനങ്ങള്‍ നടത്താം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രാദേശിക അന്തര്‍ദേശീയ ടൂര്‍ണമെന്റുകള്‍ക്കായുള്ള പരിശീലനം അനുവദിക്കുന്നതാണ്.