ഖത്തർ സംഘടിപ്പിച്ച ‘വതൻ’ മോക്ഡ്രിൽ അവസാനിച്ചു

ദോഹ : ലോകകപ്പിനുള്ള മുന്നോടിയായിട്ടുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഖത്തർ സംഘടിപ്പിച്ച ‘വതൻ’ മോക്ഡ്രിൽ ഇന്നവസാനിക്കും. 13 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് സുരക്ഷാ അഭ്യാസം നടന്നത്. ലോകകപ്പ് മത്സര, മത്സരേതര സൗകര്യങ്ങളിലും കരയിലും കടലിലും ടൂറിസ്റ്റ് മേഖലയിലും ഉള്‍പ്പെടെയാണ് അഭ്യാസം നടന്നത്.

ഫിഫ ലോകകപ്പ് ഖത്തറിന്റെ സുരക്ഷാ കമ്മിറ്റി ചെയര്‍മാനും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന സമാപന പരിപാടിയില്‍ പങ്കെടുത്തു.


വിവിധ ചുമതലകളുള്ള സുരക്ഷാവകുപ്പുകളുടെ ഏകോപനം ആയിരുന്നു മോക് ഡ്രില്ലിന്റെ പ്രധാന അജണ്ട. ലോകകപ്പിന്റെ സംഘാടനം, പൊതുജനങ്ങളുടെ സുരക്ഷ, അടിയന്തര ഘട്ടങ്ങൾ തുടങ്ങി വിവിധ സാഹചര്യങ്ങളിൽ സൈന്യവുമായി എങ്ങനെ ഒത്തുചേർന്നു പ്രവർത്തിക്കാമെന്ന് മനസിലാക്കാൻ മറ്റ് സുരക്ഷാ സംഘടനകൾക്ക് അവസരമൊരുക്കുകയാണ് മോക്ഡ്രില്ലിലൂടെ.

 

 

വതനിലൂടെ ലോകകപ്പിന് ഖത്തർ സർവ്വസജ്ജരാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.