ദോഹ: കുട്ടികളുടെ ചില പാൽപ്പൊടി ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഖത്തർ. അമേരിക്കയിൽ നിന്നുള്ള അബോട്ട് കമ്പനി നിർമ്മിച്ച സിമിലാക്ക് ഹ്യൂമൻ മിൽക്ക് ഫോർട്ടിഫയർ, എലികെയർ, എലികെയർ ജെആർ എന്നീ പാൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാൽമൊണെല്ലയും ക്രോണോബാക്റ്റർ ബാക്ടീരിയയും പാൽപൊടിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇത് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. മാലിന്യം കലര്‍ന്ന കുട്ടികളുടെ പാല്‍പ്പൊടി ഉല്പന്നങ്ങളെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്താരാഷ്ട്ര ശൃംഖലയായ ഇന്ഫോസനില് നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പിന്‍വലിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ മൂലമുള്ള അസുഖങ്ങളൊന്നും രാജ്യത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ:
നിർമ്മാണ കമ്പനി: അബോട്ട്
ബ്രാൻഡ്: Similac Human Milk Fortifier, Elecare, Elecare JR
ഉൽപ്പന്ന കോഡുകളുടെ ആദ്യ രണ്ട് അക്കങ്ങൾ (22 മുതൽ 37 വരെ) വരെയാണ്.
ഉൽപ്പാദന തീയതി 01 നവംബർ 2020, കാലഹരണ തീയതി 01 ഏപ്രിൽ 2022 അല്ലെങ്കിൽ അതിനു ശേഷമുള്ള തീയതി.
മിഷിഗണിലെ ഒരു കേന്ദ്രത്തിൽ നിർമ്മിച്ച സിമിലാക്ക് ഉൾപ്പെടെയുള്ള പൗഡർ ബേബി ഫോർമുലകൾ കഴിക്കുന്ന ശിശുക്കളിൽ ബാക്ടീരിയ അണുബാധയുണ്ടെന്ന് നാല് ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഉത്പന്നങ്ങൾ തിരികെയെടുക്കുന്നതായി അബോട്ട് വ്യക്തമാക്കി.