ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പില്‍ സുരക്ഷ ഒരുക്കാന്‍ അമേരിക്കയും. അമേരിക്കയുടെ ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പും (ഡി.എച്ച്.എസ്) രഹസ്യാന്വേഷണ വിഭാഗവുമാണ് ഖത്തര്‍ ലോകകപ്പിന് സുരക്ഷ ഒരുക്കുന്നതില്‍ പിന്തുണ നല്‍കുന്നത്.
ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയും ഡി.എച്ച്.എസിലെ സ്ട്രാറ്റജി, പൊലീസ്-പ്ലാന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി റോബ് സില്വേഴ്സും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സുരക്ഷിതമായ ലോകകപ്പ് ഉറപ്പാക്കാന്‍ ഖത്തറുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ചര്‍ച്ച ചെയ്യാന്‍ റോബ് സില്‍വേഴ്സ് ഉള്‍പ്പെടുന്ന ഉന്നതതല സംഘം ഈ ആഴ്ചയില്‍ ഖത്തര്‍ സന്ദര്‍ശിക്കും.
വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടികളെക്കുറിച്ച് അറിയാന്‍ ഖത്തറില്‍ നിന്നുള്ള ഉന്നത തല സംഘം അമേരിക്കയും സന്ദര്‍ശിക്കുന്നുണ്ട്.
ലോകകപ്പിനിടെ കാണികളുടെ ലഗേജുകളുടെ പരിശോധനയ്ക്കായി ഡി.എച്ച്.എസിന്റെ ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി ഏജന്‍സിയുടെ (ടി.എസ്.എ) സഹായവും ഖത്തറിലുണ്ടാകും.
ഇതിനു പുറമെ സൈബര്‍ സുരക്ഷ – ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സി.ഐ.എസ്.എ) ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ സേവനവും ഫിഫ ഖത്തര്‍ ലോകകപ്പിലുണ്ടാകും.
ഖത്തര്‍ ലോകകപ്പിന് സുരക്ഷ ഒരുക്കാന്‍ സന്നദ്ധമാണെന്ന് അടുത്തിടെ നാറ്റോയും ബ്രിട്ടീഷ് ആര്‍മിയും പ്രഖ്യാപിച്ചിരുന്നു.
ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ളവയുടെ സുരക്ഷാ പിന്തുണയിലാണ് ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.