Wednesday, December 7, 2022
HomeGulfഫുട്ബോൾ ആവേശത്തിൽ ആരാധകർ ; ചരിത്രം കുറിക്കാൻ ഖത്തർ, ഇനി ലോകം ദോഹയിലേക്ക്

ഫുട്ബോൾ ആവേശത്തിൽ ആരാധകർ ; ചരിത്രം കുറിക്കാൻ ഖത്തർ, ഇനി ലോകം ദോഹയിലേക്ക്

ദോഹ: മിഡിൽ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ഫുട്ബോൾ പ്രദർശനമായ ഖത്തർ ഫിഫ ലോകകപ്പ് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു . ഇന്ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടന ചടങ്ങ് നിർവഹിക്കും.

60,000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.

ടൂർണമെന്റിന്റെ എക്കാലത്തെയും മികച്ച പതിപ്പ് അവതരിപ്പിക്കുമെന്ന വാഗ്ദാനവുമായി ഖത്തർ തയ്യാറെടുത്തുകഴിഞ്ഞു. ഇന്നലെ ആയിരക്കണക്കിനാളുകൾ ഫുട്ബോൾ ആവേശവുമായി ആഘോഷങ്ങളിൽ പങ്കുചേർന്നു.

വ്യാപകമായ ഒരുക്കങ്ങളാണ് എല്ലാ മേഖലയിലും ഖത്തർ പൂർത്തിയാക്കിയത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ അഭൂതപൂർവമായ വേഗതയിൽ പൂർത്തിയാക്കിയതിന് ഖത്തർ കയ്യടിയർഹിക്കുന്നുണ്ട്.

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഖത്തറിലേക്കെത്തുമ്പോൾ ലോകോത്തര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളും പരിശീലന സൗകര്യങ്ങളും ഒന്നിനൊന്ന് മികച്ചതാക്കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകളും സന്ദർശക ആരാധകർക്കുള്ള താമസവും ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഖത്തർ പൂർത്തിയാക്കിയിട്ടുണ്ട്.

ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പ്രവാസി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും സ്വന്തമാക്കിയാണ് ഖത്തറിന്റെ അൽ അന്നാബി കളിക്കളത്തിൽ ഇറങ്ങുന്നത്.

ടീമിന് ഊർജം നൽകാൻ ഗാലറിയിൽ ആരാധക പട മുഴുവൻ ഉണ്ടാകും. ഖത്തറിലെ സ്വദേശികളും പ്രവാസി താമസക്കാരും ലോകകപ്പിനെത്തിയ ആരാധകരും ഫാൻസോണുകളിലും ബീച്ച് ക്ലബ്ബുകളിലും ഫെസ്റ്റിവൽ വേദികളിലുമായി നിറഞ്ഞു കഴിഞ്ഞു.എല്ലാ സോണുകളിലും മത്സരങ്ങളുടെ തൽസമയ സംപ്രേഷണം ഭീമൻ സ്‌ക്രീനുകളിലൂടെയും ആരാധകർക്ക് കാണാം.

Most Popular