അറേബ്യന്‍ ഗള്‍ഫ് കപ്പ്: സൗദി, യുഎഇ ടീമുകള്‍ എത്തി

Image processed by CodeCarvings Piczard ### FREE Community Edition ### on 2019-11-25 10:13:12Z | | ðc

ദോഹ: 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ കളിക്കുന്നതിനായി സൗദി, യുഎഇ ടീമുകള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8വരെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് ഗള്‍ഫ് കപ്പ് നടക്കുന്നത്.

സൗദി, യുഎഇ ടീം അംഗങ്ങളെയും ഒഫീഷ്യലുകളെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടൂര്‍ണമെന്റ് അധികൃതര്‍ സ്വീകരിച്ചു. നിശ്ചയിക്കപ്പെട്ട സ്റ്റേഡിയങ്ങളില്‍ വൈകുന്നേരം ടീമുകള്‍ പരിശീലനം നടത്തും.

മുഹമ്മദ് അല്‍ യാമി, ഫവാസ് അല്‍ ഖര്‍നി, അമീന്‍ ബുഖാരി എന്നിവര്‍ സൗദി ടീമിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിയാദ് അല്‍ സഹാഫി, മുഹമ്മദ് ഖര്‍ബാനി, ഹസന്‍ തിംബുക്തി, സുല്‍ത്താന്‍ അല്‍ ഗന്നം, മുഹമ്മദ് അല്‍ ബുറൈക്, സൗദ് അബ്ദുല്‍ ഹാമിദ്, യാസര്‍ അല്‍ ഷര്‍ഹാനി എന്നിവര്‍ പ്രതിരോധ നിരയില്‍ കളിക്കും. അബ്ദുല്ല അതീഫ്, മുഹമ്മദ് കന്നോ, അബ്ദുലേല അല്‍ മല്‍കി, സല്‍മാന്‍ അല്‍ ഫറാജ്, തുര്‍ക്കി അല്‍ അന്‍മാര്‍, യഹ്യ അല്‍ ഷെഹ്രി, അബ്ദുല്‍ അസീസ് അല്‍ ബിഷി, നവാഫ് അല്‍ ആബിദ്, സാലിം അല്‍ ദോസരി, അബ്ദുല്‍ ഫത്താഹ് അസീരി എന്നിവരാണ് മധ്യനിരയില്‍ കളി നിയന്ത്രിക്കുക. സൗദിയുടെ മുന്നേറ്റ നിരയില്‍ ഹത്താന്‍ ബഹാബ്രി, ഫിറാസ് അല്‍ ബുരിഖാന്‍, അബ്ദുല്ല അല്‍ ഹംദാന്‍ എന്നിവരാണ് എതിര്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിക്കുക.

യുഎഇയുടെ അന്തിമ പട്ടികയില്‍ 24 താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ബിയില്‍ ഒമാന്‍, കുവൈത്ത്, ബഹ്‌റയ്ന്‍ എന്നിവയോടൊപ്പമാണ് സൗദി അറേബ്യ കളിക്കുക. യുഎഇ ഗ്രുപ്പ് എയിലാണ്. ഖത്തര്‍, ഇറാഖ്, യമന്‍ എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ചൊവ്വാഴ്ച്ച യമനെതിരേയാണ് യുഎഇയുടെ ആദ്യ മല്‍സരം.