ഉപരോധം അവസാനിക്കുമോ? ഖത്തര്‍ വിദേശകാര്യമന്ത്രി സൗദിയിലെത്തി ചര്‍ച്ച നടത്തി

ദോഹ: ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയും യുഎഇയും ഖത്തറിലെത്തിയതിന് പിന്നാലെ ഗള്‍ഫ് പ്രതിസന്ധി അയയുന്നതിന്റെ സൂചന നല്‍കി മറ്റൊരു ശുഭ വാര്‍ത്ത കൂടി. ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ ആല്‍ഥാനി കഴിഞ്ഞ മാസം സൗദിയില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയതായാണ് റിപോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, റോയിട്ടേഴ്സ് എന്നിവയെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടര വര്‍ഷം പിന്നിടുന്ന ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി അയയുന്നതിന്റെ സൂചനയാണ് ഇതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

സന്ദര്‍ശനത്തിനിടെ ഉന്നത സൗദി ഉദ്യോഗസ്ഥരുമായി ഖത്തര്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ചര്‍ച്ചയില്‍ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പെടുത്തിയ ഉപരോധം പിന്‍വലിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, സൗദി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മെയ് മാസത്തില്‍ മക്കയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്ത ശേഷം ഖത്തറില്‍ നിന്നുള്ള ആദ്യ ഉന്നത തല സന്ദര്‍ശനമാണിത്.

ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തര്‍ മുന്നോട്ട് വച്ച നിര്‍ദേശം സൗദി അറേബ്യ പരിഗണിക്കുന്നതായാണ് അനൗദ്യോഗിക റിപോര്‍ട്ട്.
ഓരോ രാജ്യത്തിന്റെയും പരമാധികാരം പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള തുറന്ന ചര്‍ച്ചകളെ ഖത്തര്‍ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുമെന്ന് മുതിര്‍ന്ന ഖത്തരി ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് പ്രതികരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദര്‍ശനത്തെ കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ആവശ്യങ്ങളോടുള്ള ഖത്തറിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കഴിഞ്ഞയാഴ്ച്ച റിയാദില്‍ പറഞ്ഞിരുന്നു. ഖത്തരി വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം പ്രശ്‌നപരിഹാരത്തിലേക്കുളള സുപ്രധാന ചുവടുവയ്പ്പാണെന്ന് അമേരിക്കന്‍ സെനറ്റര്‍ ക്രിസ് മര്‍ഫി പ്രതികരിച്ചു.

2017 ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റയ്ന്‍ എന്നീ അയല്‍രാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍, ഖത്തര്‍ ആരോപണം പല തവണ നിഷേധിച്ചിരുന്നു. തെറ്റിദ്ധാരണയാണയും ഊഹാപോഹപ്രചരണവുമാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നാണ് ഖത്തറിന്റെ നിലപാട്.

അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാന്‍ ആദ്യം വിസമ്മതിച്ച സൗദി അറേബ്യ, യുഎഇ, ബഹ്റയ്ന്‍ എന്നീ രാജ്യങ്ങള്‍ അവസാന നിമിഷം സ്വന്തം ടീമുകളെ ഖത്തറിലേക്ക് അയക്കാന്‍ തയ്യാറായിരുന്നു. അയല്‍ രാജ്യങ്ങള്‍ കടുംപിടിത്തം അവസാനിപ്പിച്ച് സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടുന്നതിന്റെ സൂചനയായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. വ്യോമ ഉപരോധം മറികടന്ന് സൗദി ടീം റിയാദില്‍ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാനത്തിലാണ് എത്തിയത്.