എംഎഫ് ഹുസയ്‌ന്റെ ഏറ്റവും അവസാനത്തെ ഇന്‍സ്റ്റലേഷന്‍ ഡിസംബര്‍ 11ന് അനാഛാദനം ചെയ്യും

ദോഹ: ലോക പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസയ്‌ന്റെ ഏറ്റവും അവസാനത്തെ ഇന്‍സ്റ്റലേഷന്‍ ഡിസംബര്‍ 11ന് ഖത്തര്‍ ഫൗണ്ടേഷന്‍ എജുക്കേഷന്‍ സിറ്റിയില്‍ അനാഛാദനം ചെയ്യും. അറബ് നാഗരികതയെക്കുറിച്ചുള്ള ഹുസയ്‌ന്റെ സമഗ്രമായ സൃഷ്ടിയാണ് സീറൂ ഫില്‍ അര്‍ദ്. ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ശെയ്ഖ മോസ ബിന്ത് നാസറാണ് ഈ പദ്ധതി കമ്മീഷന്‍ ചെയ്തത്. അറബ് മേഖലയുടെ ചരിത്രത്തിലൂടെ മനുഷ്യ നാഗരികതയുടെ പുരോഗതിയെക്കുറിച്ചാണ് ഹുസയ്‌ന്റെ പുതിയ കലാസൃഷ്ടി വിവരിക്കുന്നത്.

പ്രകൃതിയെയും ഒടുവില്‍ യന്ത്രത്തെയും ആശ്രയിച്ചാണ് അറബ് മേഖല മുന്നോട്ട് കുതിച്ചതെന്ന് ഇന്‍സ്റ്റലേഷന്‍ വിവരിക്കുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പും പിമ്പും അറബ് മേഖലയിലുണ്ടായ കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും പരീക്ഷണങ്ങളുമൊക്കെ സീറൂ ഫില്‍ അര്‍ദ് വിവരിക്കുന്നു.

ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് ഖത്തറില്‍ അഭയം തേടിയ ഹുസയ്ന്‍ സീറൂ ഫില്‍ അര്‍ദ് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് മരിച്ചത്. തുടര്‍ന്ന് ഖത്തര്‍ ഫൗണ്ടേഷനാണ് ഇത് പൂര്‍ത്തിയാക്കുന്നത്. ഹുസയ്‌ന്റെ മനസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സൃഷ്ടി പൂര്‍ത്തിയാക്കിയത്.

ഖത്തര്‍ ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യക്കാരനായ ഹുസയ്‌ന്റെ ഇന്‍സ്‌റ്റേലഷന്‍ അനാഛാദനം ചെയ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രസിഡന്റ് മെഷായില്‍ അല്‍ നഈമി പറഞ്ഞു.
ഇന്‍സ്റ്റലേഷന്‍ അനാഛാദനത്തിന് ശേഷം എജുക്കേഷന്‍ സിറ്റിക്കകത്തെ അല്‍ ശഖാബ് ഇക്വസ്ട്രിയന്‍ സെന്ററിനു സമീപത്തുള്ള കെട്ടിടത്തില്‍ സ്ഥാപിക്കും.

1984ല്‍ ഷെറാട്ടണ്‍ ഹോട്ടലിലാണ് ഖത്തറില്‍ ആദ്യമായി ഹുസയ്‌ന്റെ എക്‌സിബിഷന്‍ നടന്നത്. 10 വര്‍ഷം മുമ്പ് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലാണ് പിന്നീട് ഹുസയ്ന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അതിന് പിന്നാലെയാണ് അദ്ദേഹം ഖത്തറില്‍ അഭയം തേടുകയും ഖത്തര്‍ പൗരത്വം നല്‍കുകയും ചെയ്തത്.

ഹുസയ്ന്‍ ഖത്തറിലായിരിക്കേ വരച്ച പെയ്ന്റിങുകള്‍ ഹോഴ്‌സസ് ഓഫ് ദി സണ്‍ എന്ന പേരില്‍ മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഈ വര്‍ഷം ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നു.