ദോഹ: ഗള്‍ഫിലെ പ്രധാന രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറും ഇറാഖുമാണ് ഏറ്റുമുട്ടുന്നത്.
പ്രാദേശിക സമയം വൈകീട്ട് 5.30ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഉദ്ഘാടന ചടങ്ങും ആദ്യ മല്‍സരവും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വിറ്റര്‍ (https://twitter.com/QFA), ഫേസ്ബുക്ക് (https://www.facebook.com/QFA/) പേജുകളില്‍ ലൈവ് കാണാം. അല്‍കാസ് ഡിജിറ്റലിന്റെ വെബ്‌സൈറ്റായ alkassdigital.net ലും ലൈവ് സ്ട്രീമിങ് ഉണ്ട്.
മൂന്നുതവണ ചാംപ്യന്മാരായ ഖത്തര്‍ മികച്ച ഫോമിലാണ്. നാലുപേരടങ്ങുന്ന ഗ്രൂപ്പിലെ ആദ്യ മല്‍സരം എല്ലായ്പ്പോഴും പ്രധാനമാണെന്നും ഞങ്ങള്‍ അതില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഖത്തര്‍ കോച്ച് ഫെലിക്സ് സാഞ്ചസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഇറാഖിന് ശക്തമായ ടീമുണ്ട്, അത് കടുത്ത മല്‍സരമായിരിക്കും,’ സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.
രാത്രി 9.30ന് ഗ്രൂപ്പ് എയിലെ മറ്റു ടീമുകളായ യുഎഇയും യമനും തമ്മിലാണ് രണ്ടാമത്തെ മല്‍സരം. 10 തവണ ചാംപ്യന്മാരായ കുവൈത്ത്, നിലവിലെ ചാംപ്യന്മാരായ ഒമാന്‍, ഏഷ്യയിലെ തന്നെ ശക്തമായ ടീമുകളില്‍ ഒന്നായ സൗദി അറേബ്യ, ബഹ്‌റയ്ന്‍ എന്നീ ടീമുകളില്‍ ഗ്രൂപ്പ് ബിയിലാണ്.
ഗള്‍ഫ് കപ്പ് വെബ്‌സൈറ്റിലും സൂഖ് വാഖിഫ്, കത്താറ, മാള്‍ ഓഫ് ഖത്തര്‍, വില്ലാജിയോ മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലും ഗള്‍ഫ് കപ്പ് മാച്ചുകള്‍ക്കുള്ള ടിക്കറ്റ് ലഭ്യമാണ്.