ദോഹ: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഖത്തറില്‍ നിരവധി പേര്‍ക്കെതിരേ കേസ്. കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നു ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. അതേസമയം, സര്‍ക്കാര്‍ ഉറവിടങ്ങളില്‍ നിന്നുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ അവഗണിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു.
അതേ സമയം, ഇന്നലെ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മുമ്പ് വൈറസ് ബാധിതരായവരുമായി അടുത്ത് ഇടപഴകിയ ആളുകള്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.