ഖത്തര്‍ ദേശീയ ദിനാഘോഷം മഴയില്‍ കുളിച്ചേക്കും

ദോഹ: അടുത്ത രണ്ടുദിവസം ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ പല ഭാഗത്തും സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. മഴയോടൊപ്പം പൊടുന്നനെയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഡിസംബര്‍ 17നും അങ്ങിങ്ങായി നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നും മഴയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് കലാവസ്ഥാ വിഭാഗം അറിയിച്ചു. പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്കു ഭാഗത്ത് നല്ല മഴ ലഭിക്കും. മഴ ശക്തമാവുകയാണെങ്കില്‍ കോര്‍ണിഷില്‍ ഉള്‍പ്പെടെ നടക്കുന്ന ദേശീയ ദിനാഘോഷത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച്ച മുതല്‍ അടുത്ത വാരത്തിന്റെ തുടക്കം വരെ ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ട്. ഇത് അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവുണ്ടാക്കും. കുറഞ്ഞ താപനില 14 മുതല്‍ 19 ഡിഗ്രിവരെയാവുമെന്നാണു കണക്കു കൂട്ടുന്നത്. രാജ്യത്തിന്റെ തെക്കുഭാഗത്ത് ഇതിലും കുറവായിരിക്കും. പരമാവധി താപനില 20 മുതല്‍ 23 ഡിഗ്രിവരെയാവും.