ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍

ദോഹ: ഖത്തറിലെ ആദ്യ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍ 18 വരെ ആസ്പയര്‍ പാര്‍ക്കില്‍ നടക്കും. 13 രാജ്യങ്ങളില്‍ നിന്നുള്ള 33 വ്യത്യസ്ത തരം ബലൂണുകളാണ് ഖത്തറിന്റെ ആകാശത്തെ വര്‍ണാഭമാക്കുക. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ ജനപ്രിയമായ ബലൂണ്‍ മേളയോടൊപ്പം വിവിധ തരണത്തിലുള്ള ഭക്ഷണങ്ങള്‍, ലൈവ് മ്യൂസിക്, കുട്ടികളുടെ കലാപരിപാടികള്‍, ബലൂണ്‍ നൈറ്റ് ഗ്ലോ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

സേഫ് ഫ്‌ളൈറ്റ് സൊലൂഷന്‍സ് എന്ന സ്വകാര്യ കമ്പനി ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലുമായി സഹകരിച്ചാണ് ബലൂണ്‍ മേള സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയില്‍ ഖത്തറിന് പുതിയ കുതിപ്പേകാന്‍ മേള ഉപകരിക്കുമെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ പ്രതിനിധി ജവഹര്‍ അല്‍ ഖുസാഇ പറഞ്ഞു.

കൂടുംബത്തിന് മൊത്തം ആസ്വദിക്കാവുന്ന ഒരു ആഘോഷമായാണ് ബലൂണ്‍ മേള ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.