ഖത്തറില്‍ പ്രമുഖ സിനിമാ താരങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്

celebrity cricket

ദോഹ: ബോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ സിനിമാ താരങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് മല്‍സരം അടുത്ത വര്‍ഷം ആദ്യപാദത്തില്‍ ഖത്തറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ക്ലിക്കറ്റ് ക്ലബ്ബായ ക്രസന്റ് ക്രിക്കറ്റ് ക്ലബ്ബ്(സിസിസി) ആണ് ട്വന്റി ട്വന്റി സെലിബ്രിറ്റി കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

2011 മുതല്‍ സ്ഥിരമായി ഇന്ത്യയില്‍ നടത്തിവരുന്ന ടൂര്‍ണമെന്റ് ഇതാദ്യമായാണ് ഇന്ത്യക്കു പുറത്ത് നടത്തുന്നത്. ബോളിവുഡ് ടീമിനെ ചലച്ചിത്രതാരം സുനില്‍ ഷെട്ടിയും ടോളിവുഡ് ടീമിനെ നടന്‍ ബാലയും നയിക്കും. തുഷാര്‍ കപൂര്‍, രാജ്പാല്‍ യാദവ്, രാഹുല്‍ ദേവ്, വിവേക് ഗോപാല്‍, ജോണ്‍ കാപ്പള്ളില്‍, രാജീവ് പിള്ള തുടങ്ങി 50 ഓളം താരങ്ങളാണ് ടി20യില്‍ മത്സരിക്കാന്‍ എത്തുന്നതെന്ന് ചെയര്‍മാന്‍ കെ എം ഡി എസ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2020 ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിയ്യതി പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് ലക്ഷ്യം. ടൂര്‍ണമെന്റിനോടനുബന്ധിച്ച് രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കാറുണ്ട്. ദാതാക്കള്‍ക്ക് മല്‍സരം കാണുന്നതിനുള്ള ടിക്കറ്റ് സൗജന്യമായി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ തുഷാര്‍ കപൂര്‍, രാജ്പാല്‍ യാദവ്, രാഹുല്‍ ദേവ്, ബാല കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡാഷ്‌ബോര്‍ഡ് ഇവന്റ്‌സ് ആണ് ടൂര്‍ണമെന്റ് സംഘാടനം ഏകോപിപ്പിക്കുന്നത്.