ഖ്വിഫ് ഫുട്‌ബോൾ: കെഎംസിസി മലപ്പുറം ജേതാക്കൾ

ദോഹ: ഖ്വിഫ് ഫുട്‌ബോൾ ടൂർണമെന്റിന്റെ കലാശക്കളിയിൽ
ശക്തരായ തൃശൂർ ജില്ലാ സൗഹൃദ വേദിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി കെഎംസിസി മലപ്പുറം ജേതാക്കളായി. അത്യന്തം വാശിയേറിയ മത്സരത്തിൽ ഇരു ഗോൾമുഖത്തേക്കും പന്ത് നിരന്തരം കുതിച്ചെത്തിയെങ്കിലും പല അവസരങ്ങളും പാഴായി. ദോഹ സ്റ്റേഡിയം ഇതുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആവേശപ്പോര്. കളിയുടെ 36ആം മിനിറ്റിൽ സഫീർ ആണ് കെഎംസിസിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.

കളിയുടെ 45ആം മിനിറ്റിൽ ബോക്സിനകത്ത് ഫൗൾ ചെയതതിന് കിട്ടിയ പെനാൽറ്റി കിക്കിലൂടെ മുഹ്‌സിഫ് ആണ് തൃശൂരിന് വേണ്ടി മറുപടി ഗോൾ നേടിയത്. 87ആം മിനിറ്റിൽ ഫസല് നേടിയ ഗോളിനാണ് കെഎംസിസി മലപ്പുറം ലീഡ് നേടിയത്.

നേരത്തെ നടന്ന സമാപന ചടങ്ങിൽ സ്പീക്കർ ശ്രീരാമ കൃഷ്ണൻ മുഖ്യാതിഥിയായി. ടിവി ഇബ്‌റാഹീം എംഎൽഎ, കമാൽ വരദൂർ, ഖ്വിഫ് ഭാരവാഹികൾ, സിറ്റി എക്സ്ചേഞ്ച് സിഇഒ ശറഫ് പി ഹമീദ്, ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികൾ സംബന്ധിച്ചു. ദോഹ മലയാളി സമാജം കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സമാപന ചടങ്ങിന് മാറ്റു കൂട്ടി.