ഗള്‍ഫ് കപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ടീമുകള്‍ എത്തിത്തുടങ്ങി

ദോഹ: ഗള്‍ഫിലെ മിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ടീമുകളും ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗങ്ങളും ദോഹയില്‍ എത്തിതുടങ്ങി. ഒമാനില്‍ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്.

ഒമാന്റെ പരമ്പരാഗത വേഷം ധരിച്ചെത്തിയ സംഘത്തെ ദോഹാ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. സൗദി അറേബ്യ, ബഹ്റയ്ന്‍, കുവൈത്ത് എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ബി ഗ്രൂപ്പിലാണ് ഒമാന്‍ മത്സരിക്കുക. ബുധനാഴ്ച ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തില്‍ സൗദിയുമായാണ് ഒമാന്റെ ആദ്യ മത്സരം.

സൗദി, യുഎഇ, ബഹ്റൈന്‍ എന്നിവ ഉള്‍പെടെ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ഒഫീഷ്യലുകളും ഇന്നും നാളെയുമായി ദോഹയില്‍ എത്തും. ആതിഥേയരായ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഇറാഖ്, ബഹ്റൈന്‍, യമന്‍, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മത്സര രംഗത്തുള്ളത്. ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കാനെത്തുന്നത് മഞ്ഞുരുക്കത്തിന്റെ സൂചനയായി കരുതുന്നുണ്ട്.
ഡിസംബര്‍ 2 നാണ് ഖത്തറും യുഎഇയും തമ്മിലുള്ള മത്സരം. ഡിസംബര്‍ 5ന് സെമി ഫൈനലും 8ന് ഫൈനലും നടക്കും. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. ഫൈനല്‍ ഉള്‍പ്പെടെ 15 മത്സരങ്ങളാണുള്ളത്. ഷെഡ്യുള്‍ പുതുക്കി നിശ്ചയിച്ചതിനു ശേഷം ശേഷം ടിക്കറ്റ് വില്‍പന ഇന്നലെ മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്. സൂഖ് വാഖിഫ്, കത്താറ, വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വൈകിട്ട് 4 മുതല്‍ 10 വരെ ടിക്കറ്റ് ലഭിക്കും. gulfcup2019.qa എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും. 10, 30, 50 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.