ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

ദോഹ: ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണുന്നതിനുള്ള ടിക്കറ്റ് കൈയിലുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ യാത്ര സൗജന്യം. ഗോള്‍ഡ് ലൈനില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.

ഗള്‍ഫ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് മെട്രോ രാവിലെ 6 മുതല്‍ രാത്രി 12 വരെ സര്‍വീസ് നടത്തും.
കളി നടക്കുന്ന ദിവസം ഗള്‍ഫ് കപ്പിനുള്ള ടിക്കറ്റ് ഏതെങ്കിലും മെട്രോ സ്‌റ്റേഷനിലെ ഗോള്‍ഡ് ക്ലബ്ബ് ഓഫിസില്‍ കാണിച്ചാല്‍ അന്നേ ദിവസത്തെ സൗജന്യ യാത്രാ പാസ് ലഭിക്കുമെന്ന് ദോഹ മെട്രോ ട്വിറ്ററില്‍ അറിയിച്ചു. പ്രിന്റഡ് ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് പാസ് ലഭിക്കുക.

റാസ് ബൂ അബൂദില്‍ നിന്ന് അല്‍ അസീസിയയിലേക്കു നീളുന്നതാണ് ഗോള്‍ഡ് ലൈന്‍. നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുശെയ്‌രിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുദാന്‍, ജവാന്‍, അല്‍ വഅബ്, സ്‌പോര്‍ട്‌സ് സിറ്റി എന്നീ സ്‌റ്റേഷനുകളാണ് ഇതിനിടയില്‍ ഉള്ളത്.