ഗള്‍ഫ് കപ്പ്: യുഎഇയെ വീഴ്ത്തി ഖത്തര്‍ സെമിയില്‍

ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ സെമിപ്രവേശനം തേടിയുള്ള മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ യുഎഇയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അത്യന്തം വീറും വാശിയുമേറിയ പോരാട്ടത്തില്‍ ഖത്തറിന് വേണ്ടി അക്രം അഫീഫ് രണ്ടു ഗോളുകള്‍ നേടി.

ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ കാണികളുടെ നിറഞ്ഞ പിന്തുണയില്‍ 20ാം മിനിറ്റിലും 28ാം മിനിറ്റിലുമായിരുന്നു അക്രം അഫീഫിന്റെ ലക്ഷണമൊത്ത ഗോളുകള്‍ പിറന്നത്. 53ാം മിനിറ്റില്‍ ഹസന്‍ അല്‍ ഹൈദോസും എക്‌സ്‌ട്രൈ ടൈമില്‍ ബൂ ആലം ഖൂക്കിയും ഖത്തറിനു വേണ്ടി വല കുലുക്കി.

അലി മഖ്ബൂത്താണ് യൂഎഇയുടെ രണ്ടു ഗോളുകളും നേടിയത്. 33ാം മിനിറ്റിലും 77ാം മിനിറ്റിലുമാണ് യുഎഇയുടെ ഗോളുകള്‍ പിറന്നത്. ഇതോടെ മൂന്ന് കളികളില്‍ രണ്ട് വിജയം നേടിയ ഖത്തര്‍ ആറ് പോയിന്റുകളുമായി ഗ്രൂപ്പ് എയില്‍ നിന്ന് സെമി ബെര്‍ത്ത് ഉറപ്പിച്ചു. ഇന്നത്തെ മല്‍സരത്തില്‍ സമനില പിടിച്ചാലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഖത്തര്‍ സെമിയിലെത്തുമായിരുന്നു.