ദോഹ: ദേശീയ മേല്‍വിലാസ സംവിധാനം നടപ്പിലാക്കുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിം സഖര്‍ അല്‍ മുറൈഖി പറഞ്ഞു. നിയമം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് പൊതുജനങ്ങളെ സഹായിക്കുന്നതിന് ജീവനക്കാര്‍ക്കുള്ള പരിശീലനം അന്തിമഘട്ടത്തിലാണെന്നും അല്‍മുറൈഖി പറഞ്ഞു.
രജിസ്‌ട്രേഷന്‍ പ്രക്രിയ വളരെ ലളിതമാണ്. മെത്രാഷ് ടു വഴിയോ ആഭ്യന്ത്രമന്ത്രാലയത്തിന്റെ സെന്ററുകളിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, ഫിക്‌സഡ് ടെലിഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍, തൊഴിലുടമയുടെ വിലാസം, പ്രവാസിയാണെങ്കില്‍ നാട്ടിലെ വിലാസം എന്നിവയാണ് രജിസ്‌ട്രേഷന്‍ ഫോമില്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. സര്‍ക്കാരുമായോ മറ്റു സ്ഥാപനങ്ങളുമായോ ആശയവിനിമയം നടത്തുന്നതിന് ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന വിലാസമാണ് ദേശീയ മേല്‍വിലാസമെന്നും അല്‍ മുറൈഖി അറിയിച്ചു.
ഔദ്യോഗിക രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ച് ആറ് മാസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.