ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ പാത തുറന്നു; സ്റ്റേഷനുകള്‍ക്കിടയില്‍ ചാര്‍ജ് 2 റിയാല്‍

ദോഹ: ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍ പാതയില്‍ സര്‍വീസ് ആരംഭിച്ചു. രണ്ട് സ്റ്റേഷനുകള്‍ക്കിടയിലെ യാത്രയ്ക്ക് 2 റിയാലാണ് ചാര്‍ജ്. ഇന്റര്‍ചേഞ്ചില്‍ വച്ച് മാറിക്കയറുന്നതിന് പ്രത്യേക ചാര്‍ജില്ല.

ഗോള്‍ഡ് ലൈനിലെ ചാര്‍ജ് സംബന്ധിച്ച് ദോഹ മെട്രോ ട്വിറ്ററില്‍ വിശദാംശങ്ങള്‍ പങ്കുവച്ചു. ഉദാഹരണത്തിന് റെഡ് ലൈനിലുള്ള അല്‍ വക്‌റ സ്റ്റേഷനില്‍ നിന്ന് കയറി മുശെയ്‌രിബില്‍ നിന്ന് ഗോള്‍ഡ് ലൈനിലേക്ക് മാറുകയും അല്‍ അസീസിയ വരെ യാത്ര ചെയ്യുകയും ചെയ്താല്‍ രണ്ട് റിയാല്‍ മാത്രമാണ് ഈടാക്കുക.

രണ്ട് പാതകള്‍ക്കുമിടയില്‍ ട്രെയിന്‍ മാറിക്കയറുമ്പോള്‍ യാത്രക്കാര്‍ കാര്‍ഡ് ടാപ്പ് ചെയ്യേണ്ടതില്ല. സ്റ്റാന്‍ഡേര്‍ഡ് ആന്റ് ഫാമിലി ക്ലാസില്‍ രണ്ട് റിയാലും ഗോള്‍ഡ് ക്ലാസില്‍ 10 റിയാലുമാണ് ചാര്‍ജ്.
പുതുതായി തുറന്ന സ്റ്റേഷനുകള്‍ തിരിച്ചറിയുന്നതിന് ഗോള്‍ഡ് ലൈനിലെ എല്ലാ സ്‌റ്റേഷനുകള്‍ക്കു മുന്നിലും ദോഹ മെട്രോയുടെ പതാക സ്ഥാപിച്ചിട്ടുണ്ട്. റെഡ് ലൈനിന് വേണ്ടി ആരംഭിച്ച സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ്ബ് റീചാര്‍ജബിള്‍ ട്രാവല്‍ കാര്‍ഡുകള്‍ റെഡ് ലൈനിലും ഉപയോഗിക്കാം. ദോഹ മെട്രോയുടെ മറ്റു പാതകളിലും ലുസൈല്‍ ട്രാമിലും ഭാവിയില്‍ ഇതേ കാര്‍ഡ് തന്നെ ഉപയോഗിക്കാനാവും.

2020ഓടെ ഖത്തര്‍ റെയില്‍ പൂര്‍ണ തോതിലുള്ള യാത്രാ സംവിധാനമാകുന്നതിന്റെ മറ്റൊരു ചുവട് വയ്പ്പാണ് ഗോള്‍ഡ് ലൈനിന്റെ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ഖത്തര്‍ റെയില്‍ സര്‍വീസ് ഡെലിവറി മേധാവി എന്‍ജിനീയര്‍ അബ്ദുല്ല സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു.
ഖത്തറിലെ ജനപ്രിയ കേന്ദ്രങ്ങളായ നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, അല്‍ സദ്ദ്, സ്‌പോര്‍ട് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കു കൂടി ദോഹ മെട്രോ സര്‍വീസ് ആരംഭിച്ചതോടെ ഖത്തര്‍ റെയില്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

റാസ് ബു അബൂദ്, നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുശെയ്‌രിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുദാന്‍, ജവാന്‍, അല്‍ വഅബ്, സ്‌പോര്‍ട്‌സ് സിറ്റി, അസീസിയ ഉള്‍പ്പെടുന്നതാണ് ഗോള്‍ഡ് ലൈനിലെ സ്‌റ്റേഷനുകള്‍. റെഡ് ലൈനിന്റെ അതേ സമയം തന്നെയാണ് ഗോള്‍ഡ് ലൈനിലും സര്‍വീസ്. ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ രാവിലെ 6 മുതല്‍ രാത്രി 10.40 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10.40വരെയുമാണ് സര്‍വീസ് നടത്തുക.