ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന് ദോഹ മെട്രോയില്‍ സൗജന്യ യാത്ര

ദോഹ: ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ടിക്കറ്റ് കൈയിലുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര ചെയ്യാം. കളിയുള്ള ദിവസങ്ങളില്‍ പ്രിന്റ് ചെയ്ത ടിക്കറ്റുമായി ചെന്നാല്‍ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് പാസുകള്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കും. എല്ലാ സ്‌റ്റേഷനുകളിലെയും ഗോള്‍ഡ് ക്ലബ്ബ് ബോക്‌സ് ഓഫിസുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സൗജന്യ യാത്രയ്ക്ക് പുറമേ ദോഹ സ്‌പോര്‍ട്‌സ് പാര്‍ക്കിലെ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫാന്‍ സോണിലും ടിക്കറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കും. ഫാന്‍ സോണ്‍ തുറക്കുന്ന സമയവും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കും.

സൗദി അറേബ്യന്‍ ടീമായ അല്‍ ഹിലാല്‍ എഫ്‌സി, ബ്രസീലിയന്‍ ടീമായ സിആര്‍ ഫ്‌ളമിംഗോ എന്നിവ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നാമതും എഎഫ്‌സി ചാംപ്യന്‍സ് ലീഗ് വിജയികളായ ടീമാണ് അല്‍ ഹിലാല്‍. ഫ്‌ളമിംഗോ ആവട്ടെ 38 വര്‍ഷത്തിനിടെ ആദ്യമായി കോപ ലിബര്‍ട്ടാഡോര്‍സ് കപ്പ് നേടി തിളങ്ങി നില്‍ക്കുകയാണ്.

ആതിഥേയരായ അല്‍ സദ്ദ് എസ്‌സി, ഹെയ്ന്‍ഗിനെ സ്‌പോര്‍ട്ട്, സിഎഫ് മോണ്ടറി, ഇഎസ് തൂണിസ്, ലിവര്‍പൂള്‍ എഫ്‌സി തുടങ്ങിയ ടീമുകളും ഡിസംബര്‍ 11 മുതല്‍ 21 വരെ നടക്കുന്ന ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കളിക്കുന്നുണ്ട്. ടൂര്‍ണമെന്റിനുള്ള അവസാന ടിക്കറ്റ് വില്‍പ്പന ഫിഫ വെബ്‌സൈറ്റില്‍ തുടരുകയാണ്.