ദോഹ: ഖത്തറിലെ ഏറ്റവും വലിയ പാല് ഉല്‍പ്പാദന കമ്പനിയായ ബലദ്നാ പുതിയ 50 ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കുന്നു. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിനെതിരായ ഖത്തര്‍ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ബലദ്നാ അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ 50 ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. 2020 അവസാനത്തോടെ മറ്റ് 50 ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലെത്തും.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അമേരിക്കയില്‍ നിന്ന് കൂടുതല്‍ പശുക്കള്‍ ബലദ്നാ ഫാമിലെത്തുമെന്ന് ബോര്‍ഡ് അംഗം റാമിസ് മുഹമ്മദ് റുസ്ലാന് അല്‍ ഖയ്യാത്ത് അറിയിച്ചു. നിലവില്‍ 18,000 പശുക്കളാണ് ഫാമിലുള്ളത്. രണ്ട് മാസത്തിനകം 2000 പശുക്കള്‍ കൂടി എത്തും.
ബലദ്നായുടെ ജ്യൂസ് ഉല്‍പ്പാദന ശേഷി മൂന്ന് മടങ്ങായി വര്‍ധിപ്പിക്കും. നിലവില്‍ ബലദ്നായുടെ 10 തരം ചീസ് വിപണിയിലുണ്ട്. 20ലേറെ ഇനങ്ങള്‍ കൂടി പുതുതായി ഉല്‍പ്പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.