മഞ്ഞണിപ്പൂനിലാവ് 12ന്; എം ജയചന്ദ്രനും വിജയ് യേശുദാസും കണ്ണൂര്‍ ശരീഫും ഒരേവേദിയില്‍

ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഫോം ഖത്തര്‍(ഫ്രണ്ട്‌സ് ഓഫ് റിഥം ആന്റ് മെഴ്‌സി) സംഘടിപ്പിക്കുന്ന മഞ്ഞണിപ്പൂനിലാവ് ഡിസംബര്‍ 12ന് വൈകീട്ട് 7ന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ നടക്കും. പ്രമുഖ സംഗീജ്ഞന്‍ എം ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശയില്‍ പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, കാര്‍ത്തിക്, ശ്വേത മോഹന്‍, ജോത്സ്‌ന, മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ശരീഫ്, ഫാസില ബാനു എന്നിവര്‍ പങ്കെടുക്കും. പഴയതും പുതിയതുമായ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും കോര്‍ത്തിണക്കിയാണ് നാലര മണിക്കൂര്‍ നീളുന്ന സംഗീത പരിപാടി ഒരുക്കിയിരിക്കുന്നത്. സിനിമാ സംഗീത രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ എം ജയചന്ദ്രനെ ഈ വേദിയില്‍ വച്ച് ഫോം ഖത്തര്‍ ആദരിക്കും.

ഫോം ഖത്തര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എരഞ്ഞോളി മൂസ കലാ പുരസ്‌കാരത്തിന് അര്‍ഹനായ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിനുള്ള പുരസ്‌കാര സമര്‍പ്പണവും മഞ്ഞണിപ്പൂനിലാവ് വേദിയില്‍ നടക്കും. മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. മുന്‍ എംപിയും മാപ്പിളപ്പാട്ട് നിരൂപകനുമായ ടി കെ ഹംസ, മാപ്പിളപ്പാട്ട് രചയിതാവ് ഒ എം കരുവാരക്കുണ്ട്, മാപ്പിളപ്പാട്ട് ഗവേഷകനും നിരൂപകനുമായ ഫൈസല്‍ എളേറ്റില്‍, ഗായകന്‍ വി ടി മുരളി, പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനായി കണ്ണൂര്‍ ശരീഫിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം.

മഞ്ഞണിപ്പൂനിലാവ് സംഗീത പരിപാടിയോടനുബന്ധിച്ച് ഖത്തര്‍ ദേശീയ ദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള പ്രത്യേക പരിപാടി നടക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡി പ്രതിനിധികള്‍, ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

വൈകീട്ട് 6ന് ഹാളിലേക്കുള്ള പ്രവേശനം ആരംഭിക്കും. 100, 60, 40 റിയാല്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ്, അലി ഇന്റര്‍നാഷനല്‍ ട്രേഡിങ്, വസന്തഭവന്‍ ഭാരത് റസ്റ്റോറന്റ്, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍, സൈതൂന്‍ റസ്റ്റോറന്റ്, അല്‍ റവാബി ഹൈപര്‍ മാര്‍ക്കറ്റ് വക്‌റ, പാനൂര്‍ റസ്റ്റോറന്റ് എന്നിവിടങ്ങളിലും ക്യുടിക്കറ്റ് വെബ്‌സൈറ്റിലും ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55809803, 70128121 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വാര്‍ത്താ സമ്മേളനത്തില്‍ എം ജയന്ദ്രന്‍, ഫോം ഖത്തര്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ഇ എം സുധീര്‍, ട്രഷറര്‍ കെ മുഹമ്മദ് ഈസ, അന്‍വര്‍ ഹുസയ്ന്‍, ഡോ. ഷമീര്‍ കലന്തന്‍, അന്‍വര്‍ ബാബു, പി എന്‍ ബാബുരാജന്‍, ഡോ. സമദ്, അഷ്‌റഫ്, റസാഖ്, മന്‍സൂര്‍, സല്‍മാന്‍ ഇളയിടം തുടങ്ങിയവര്‍ പങ്കെടുത്തു.