ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം സാംസ്‌കാരിക കായിക മന്ത്രാലയം പുറത്തുവിട്ടു. ‘അല്‍ മആലി കൈദ’ അഥവാ മികവിന്റെ പാത കഠിനമാണെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇത്തവണ രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്.
ഖത്തറിന്റെ രാഷ്ട്രപിതാവ് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച തന്റെ മകനെക്കുറിച്ച് എഴുതിയ കവിതയില്‍ നിന്നാണ് ഈ ആശയം സ്വീകരിച്ചത്. മീന്‍പിടിച്ചും മുത്തുവാരിയും കഴിഞ്ഞിരുന്ന ഖത്തര്‍ ഇന്നത്തെ നിലയില്‍ ലോകമറിയുന്ന ആധുനിക രാജ്യമായി വളര്‍ന്നതിന്റെ കഠിന പാത പുതിയ തലമുറയെ ഓര്‍മിപ്പിക്കുന്നതാണ് മുദ്രാവാക്യം.
1878 ഡിസംബര്‍ 18ന് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി ഖത്തര്‍ എന്ന രാജ്യത്തിന് രൂപം കൊടുത്തതിന്റെ ഓര്‍മ പുതുക്കിയാണ് രാജ്യം ദേശീ ദിനം ആഘോഷിക്കുന്നത്. 1888 റമദാന്‍ 17ന് പ്രഭാതത്തില്‍ ശത്രുക്കളുടെ അധിനിവേശത്തിനെതിരേ പോരാടിയാണ് അദ്ദേഹത്തിന്റെ മകന്‍ ശെയ്ഖ് ജൊആന്‍ കൊല്ലപ്പെട്ടത്. മകനെക്കുറിച്ചുള്ള തന്റെ കവിതയിലാണ് മികവിന്റെ പാത കഠിനമാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.
ഡിസംബര്‍ 12 ന് ദര്‍ബ് അല്‍സായി മൈതാനിയിലാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ‘ഖത്തര്‍ സ്വതന്ത്രമായി തുടരും’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു രാജ്യം കഴിഞ്ഞ തവണ ദേശീയ ദിനം ആഘോഷിച്ചത്.